10 February 2015

പപ്പേട്ടൻബേസ്സ്മെന്റിൽ നിന്ന് എന്തോ ഒരു പുക മണം വരുന്നതു പോലെ തോന്നിയിട്ടാണ് ഗീതാമ്മ താഴോട്ടു പോയത്.

"വാട്സ് താറ്റ്‌ സ്മെല്ലിംഗ് തപാ ?" ഗീതാമ്മ ആധിയോടെ തന്റെ ടീനേജർ മകനോട് ബേസ്സ്മെന്റിലെ സ്റെയർകേയ്സ്സിൽ ഏന്തി നിന്ന് ചോദിച്ചു.

"നത്തിംഗ് മാം" കൂട്ടുകാരുടെ ഇടയിൽ നിന്ന് അവൻ അലറി. ബിഗ്‌ സ്ക്രീൻ ടിവിയിൽ സിനിമ തടസ്സം വരുത്തിയതിന്റെ ദേഷ്യം ആ അലർച്ചയിൽ ഉണ്ടായിരുന്നു.

"എന്തോ മണക്കുന്നുണ്ടല്ലോ ഭഗവാനെ" തപൻ പറഞ്ഞത് വിശ്വസമാകതെ ഗീതാമ്മ സ്വയം പറഞ്ഞു.

പപ്പേട്ടനെ അപ്പൊ തന്നെ വിളിച്ചു. "വല്ല വയറോ മറ്റോ ഷോർട്ട് ആയിരിക്കും, ഞാൻ വന്നിട്ട് നോക്കാം"


"അതിനു ഇന്ന് ബുധനാഴ്ചയല്ലേ ?, നിങ്ങളു നാളെയല്ലേ വരൂ ?" ഗീതാമ്മക്ക് പിന്നേം ആശങ്കെയായി. ട്രാവൽ ജോലി ചെയ്യുന്ന പപ്പേട്ടൻ പൊതുവെ വ്യാഴാച്ചയാണു വരാറ്.

"അല്ല അല്ല ഈഴ്ച ഇന്ന് വരാൻ പറ്റും... ഞാൻ മീറ്റിങ്ങിലാ... പിന്നെ വിളിക്കാം" പപ്പേട്ടൻ ഫോണ്‍ വച്ചു.

ഭർത്താവ് പറഞ്ഞത് ബോധ്യമാവാതെ ഗീതമ്മ പിന്നെയും താഴെത്തെക്ക് പോയി.

" മാം ക്യാൻ വി ഹാവ് സം പ്ര്യവസ്സി ?" തപൻ  പിന്നെയും അലറി...

മുറു മുറുപ്പൊടെ ഗീതാമ്മ മകനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി മുകളിലേക്ക് കയറിപ്പോയി.

ഗീതാമ്മ ആകെ അസ്വസ്ഥയായിരുന്നു. കോളേജിൽ പഠിക്കുന്ന മകളെ ഉടനെ വിളിച്ചു.

"എടീ...ബെസ്സ്മെന്റിൽ ആകെ ഒരു സ്മെൽ, തപനും ഫ്രണ്ട്സും അവിടെ നിന്ന് മൂവി വാച്ച് ചെയ്യുന്നുണ്ട്"

"ദെ മെ ബി സ്മോക്കിങ്ങ് മാം ! " വളരെ ലാഘവത്തോടെ മാനസ്സി പറഞ്ഞു

"സ്മോക്കിങ്ങ് ?, നീയെന്തുവാടി പറയുന്നേ ? ഹി ഈസ് ജസ്റ്റ് എ കിഡ്..!... ഇട്സ് നോട്ട് സ്മെൽ ലൈക്‌ സിഗരട്റ്റ് എടീ..."

ഗീതാമ്മ ആശങ്കയോടെ ചോദിച്ചു.

"ഐ ഡോണ്ണോ..മാം...ഐ ഹാവ് ടൂ ഗോ" മാനസ്സി ഫോണ്‍ കട്ട് ചെയ്തു.

"പപ്പേട്ടൻ വരട്ടെ..." ദീർഘനിശ്വാസത്തോടെ ഗീതമ്മ സ്വയം പറഞ്ഞു.   

ഫാമിലി റൂമിലെ ടിവിയിൽ ഏഷ്യനെറ്റും കൈരളിയും സൂര്യം റിമോട്ടിൽ മാറ്റി മാറ്റി ഗീതമ്മ സോഫയിൽ ഇരുന്നു. മനസ്സ് മുഴുവൻ ബേസ്സ്മെന്റിൽ ആയിരുന്നു. ഒന്ന് കൂടെ പോയി നോക്കിയാലോ ? അല്ലെങ്കിൽ വേണ്ട പപ്പേട്ടൻ വരട്ടെ… ഗീതാമ്മ സ്വയം ആശ്വസിച്ചു.  
വൈകിയാണ് പപ്പേട്ടൻ വന്നത്. "നിങ്ങൾക്ക് പിള്ളാരുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല, ഞാനും വല്ല ട്രാവൽ ജോലീക്ക് പോകും...". വന്നു കയറിയപ്പോ തന്നെ ഗീതാമ്മ പരിഭവം പറച്ചിൽ തുടങ്ങി. സ്ഥിരം പല്ലവി ആയതു കൊണ്ടു വല്ല്യ കാര്യമാക്കാതെ പപ്പേട്ടൻ ബേസ്മെന്റിലേക്ക് പോയി. കൂടെ ഗീതാമ്മയും.

"ഒരു പുക മണം എനിക്കും തോന്നുന്നുണ്ട്, നീ വല്ല സ്പ്രയും എവിടെ അടിച്ചിട്ടുണ്ടോ".  പപ്പേട്ടൻ പട്ടിയെപ്പോലെ മണത്തു നോക്കുന്നതിനിടെ ചോദിച്ചു.

"ഞാനൊന്നും ചെയ്തില്ല, ചിലപ്പോ നിങ്ങളുടെ സന്തതി തന്നെയാകും !" ഗീതമ്മ മകനിൽ പഴിചാരി നിന്നു.

"എടീ കോളേജിൽ ഞാനും ഇടയ്ക്ക് വലിക്കൊയൊക്കെ ചെയ്തിട്ടുണ്ട്, നീ അത്ര കാര്യമാകേണ്ട, ഞാൻ അവനോട് സംസാരിക്കാം
പപ്പേട്ടൻ തപന്റെ മുറി മുഴുവൻ നോക്കി. പഴയ പുസ്തകങ്ങൾ മറിച്ചിട്ടപ്പോ പുകയില പോലെയുള്ള കുറച്ചു പാക്കറ്റുകൾ താഴെ വീണു.

"അയ്യയ്യോ ഇത് മറ്റവനാണല്ലോ ?" ഒന്ന് മണത്തു നോക്കി കൊണ്ട് പപ്പേട്ടൻ പിറു പിറുത്തു. പ്രൊഫഷണൽ കോളേജിൽ പഠിച്ചിരുന്നപ്പോ കൂട്ടുകാരോടൊത്ത് വിൽസ്സും കാശില്ലാത്തപ്പോ ബീഡിയും വല്ലപ്പോഴും വലിച്ചതല്ലതെ കഞ്ചാവിനു പിടി കൊടുത്തിട്ടില്ലായിരുന്നു. വെപ്രാളത്തൊടെ വീണ്ടും പുസ്തകങ്ങൾ വാരി വലിച്ചു നോക്കിയപ്പോ വെളുത്ത പൊടിയുടെ പാക്കറ്റും കണ്ടു.


പപ്പേട്ടന്റെ നെഞ്ചിലൊരു ഇടിത്തീ വെട്ടി. കാലുകൾക്കെല്ലാം ആകെ ഒരു വിറയൽ. കണ്ണുകളിലാകെ ഇരുട്ട് കയറിയ പോലെ തോന്നി. ശരീരമാകെ വിയർക്കാൻ തുടങ്ങി. പതുക്കെ തപന്റെ കട്ടിലിന്റെ സൈഡിലിരുന്നു പപ്പേട്ടൻ.  

ട്രാവൽ ജോലിക്കിടെ വളരെ കുറച്ചു സമയമാണ് കുട്ടികളോടൊത്തു ചിലവഴിക്കാൻ കിട്ടാറുള്ളൂ. എല്ലാം ഗീതമ്മയാണു നോക്കാറ്.

രണ്ട് മക്കൾക്കും ചോദിച്ചതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. എടി&ടി യുടെ ഫാമിലി പ്ലാനിൽ അണ്‍ലിമിട്ടഡ് കാളും റ്റെക്സ്റ്റും. പിന്നെ ഡാറ്റ കണക്ഷൻ വേണമെന്നു പറഞ്ഞപ്പോ അതും... ലേണെർസ്സ് ലൈസ്സന്സ് എടുത്തപ്പോ തന്നെ തപന് പുതിയ ഫോർഡ് ഫ്യുഷനും മാനസ്സിക്ക് അവളുടെ പ്രിയപ്പെട്ട വോൽസ്സ് വാഗണ്‍ ബീറ്റലും.

കൂട്ടുകാരുടെ മക്കളിൽ പലർക്കും പഴയ ഹോണ്ട സിവിക്കും റ്റൊയോട്ട കൊറോളയുമാണുള്ളത്‌. എന്റെ മക്കൾ പുതിയ വണ്ടി ഓടിക്കുന്നതിന്റെ ഒരു ഗർവ്വ്‌ പപ്പേട്ടൻ കമ്മ്യുണിറ്റിയിൽ പലപ്പോഴായി കാണിക്കാറുണ്ട്.


എങ്ങിനെ തപനോട് പറയുന്നതിന്റെ വ്യാകുലതയിലായി പപ്പേട്ടൻ. ഭാര്യയോട് പറഞ്ഞാ പിന്നെ എടുത്തു ചാടി ബഹളവും വയ്യാവേലിയും കാണിക്കും.

നാളെ അവന്റെ സ്കൂളിൽ പോയി ഇത് പറഞ്ഞാലോ ? "വേണ്ട... പിന്നെ പോലീസ് കേസും അതിന്റെ പുറകെ നടക്കലുമാകും  ..." പപ്പേട്ടൻ സ്വയം തിരുത്തി.

എന്റെ കൂട്ടുകാരോട് പറഞ്ഞാലോ ? "ഓ..അത് പിന്നെ ഇവിടെയുള്ള മലയാളി  കമ്മ്യുനിറ്റി മുഴുവനറിയും..." ചോദ്യങ്ങളും ഉത്തരങ്ങളുമായി പപ്പേട്ടൻ കണ്‍ഫ്യുഷനായി...

സ്വന്തം മകനോട് അവന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പോലും പറ്റാത്ത ഒരവസ്ഥയിലെക്ക് പപ്പേട്ടൻ എത്തിപ്പെടുകയായിരുന്നു.


പാക്കറ്റുകൾ പൈജാമ്മയുടെ പോക്കറ്റിലേക്ക് ഇട്ടു പപ്പേട്ടൻ സ്റ്റെപ്പുകൾ ഊർന്നിറങ്ങി താഴെയെത്തി.

"എടീ തപനെവിടെ പോയി ?, വേർ ഈസ്‌ ഹി ?" എടി വിളിയും ഇടകലർന്ന ഇംഗ്ലീഷും കേട്ടപ്പോ ഗീതമ്മക്ക് എന്തോ പന്തികേട് തോന്നി.

"അവൻ ഫ്രാണ്ട്സ്സിന്റെ കൂടെ കംബൈൻ സ്ടടിക്ക് പോയിരിക്കയാ..." അസ്വഭാവികതയോന്നും ഇല്ലാത്തമട്ടിൽ ഗീതമ്മ പറഞ്ഞു.

" രാത്രി പതിനൊന്നര കഴിഞ്ഞല്ലോ ? അവനു നാളെ സ്കൂളില്ലെ ?" പപ്പേട്ടന്റെ ഒച്ച പതിവില്ലാത്ത വിധം കൂടി.

"അവൻ ഈ സമയത്തൊക്കെയാ കയറി വരാറ്,  നിങ്ങളിന്നു ബുധനാഴ്ച വരുമെന്ന് അവൻ കരുതി കാണില്ല..! ഞാൻ വിളിച്ചാൽ അവൻ ഫോണ്‍ എടുക്കത്തില്ല. നിങ്ങള് സെല്ലെന്നു ട്രൈ ചെയ്ത് നോക്ക്" അടുത്ത ചോദ്യത്തിന്റെ ഉത്തരവും ഗീതമ്മ പറഞ്ഞു.

ഈയെടെയായി ചിക്കാഗോ, ഡാല്ലസ്സ് , ന്യൂയോർക്കിലൊക്കെ മലയാളീ പിള്ളേരെ കാണാത്തതും മരിക്കുന്നതുമായ വാർത്തകളെ പറ്റി നെടുവീർപ്പോടെ രണ്ടാളും കുറെ സമയം സംസാരിച്ചു. നമ്മുടെ ആധി മക്കളറിയുന്നില്ല എന്നതിന്റെ വേദന രണ്ടു പേരും പങ്കു വച്ചു.  ഗീതാമ്മയുടെ വാക്കുളിൽ പേടിയും ഭയവുമായിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. തന്നെ വിഷമിപ്പിക്കെണ്ടാന്നു കരുതി കുറെ നാൾ മനസ്സിൽ വച്ചതൊക്കെ പുറത്തേക്ക് വന്നത്‌ പോലെ തോന്നി പപ്പേട്ടന്.

"ഞാൻ അവനോട് സംസാരിക്കാം , നീ പോയി കിടന്നോ" ഗീതമ്മ പൊട്ടിക്കരുയുമെന്നപോലെ ആയപ്പോ പപ്പേട്ടൻ പറഞ്ഞു.


തപൻ വന്നപ്പോ ഒരു മണികഴിഞ്ഞിരുന്നു. യാത്ര ക്ഷീണം കൊണ്ട് ഫാമിലി റൂമിലെ സോഫയിൽ പപ്പേട്ടൻ ഉറക്കം പിടിച്ചിരുന്നു. ഗരാജ് ഡോർ തുറക്കുന്നതിന്റെ ഒച്ച കേട്ടപ്പോ പപ്പേട്ടൻ മുൻ വശത്തെ കതക് തുറന്നു വെളിയിൽ വന്നു.

"വാട്സ് അപ് ഡാഡ് ? യു കേയിം ഏർലി ദിസ്‌ വീക്ക് ? " പ്രതീക്ഷിക്കാതെ പപ്പേട്ടനെ കണ്ടപ്പോ തപൻ പതർച്ചയോടെ ചോദിച്ചു.

"കം ഹിയർ" തപൻ പറഞ്ഞത് കേൾക്കാതെ പപ്പേട്ടൻ അവനെ വിളിച്ചു.

"വാട്ട് ഈസ്‌ ദിസ്‌ ?" ഗരാജ് ഡോറിന്റെ മങ്ങിയ വെളിച്ചത്തിൽ പൈജമ്മയുടെ പോക്കറ്റിൽ നിന്നു പാക്കെട്ടുകളെറ്റുത്തു അവനെ കാണിച്ചു.

"ഐ ഡോണ്ട് നോ..!" ഒന്നുമറിയാത്തവനെ പോലെ തപൻ പറഞ്ഞു.
ഐ ഗാട്ട് ദിസ്‌ സ്റ്റഫ്ഫ് ഫ്രം യുവർ റൂം ആൻഡ്‌ യു ഡോണ്ട് നോ ? പപ്പേട്ടന്റെ ഒച്ച കൂടിയിരുന്നു. തപന്റെ മുഖത്ത് ചെറിയ പരിഭ്രമം.

"ഓ താട്ട്സ് മൈ ഫ്രണ്ട്സ ഗൈവ്...ഐ ആം ജസ്റ്റ്‌ കീപിംഗ് ഇറ്റ്‌" തപൻ ഒഴിവു കഴിവ് പറയാൻ തുടങ്ങി.

"ഡിഡ് യു സ്മോക്ക് ദിസ്‌ ഇൻ ഔർ ബേസ്സ്മെന്റ് ?" തപൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ഡാഡ് എല്ലാം അറിഞ്ഞു എന്നത് ഒരു ചെറിയ ഞെട്ടലോടെ അവൻ മനസ്സിലാക്കി.

"ടെൽ മി തപൻ..!" പപ്പേട്ടനു ദേഷ്യം സഹിക്കാൻ വൈയ്യാതെയായി. ഗാരാജ് ഡോറിന്റെ സൈഡിലുള്ള ചുമരോട് ചേർത്ത് മുഖമടച്ച് പപ്പേട്ടനടിച്ചു. പിന്നെ ഉന്തും തള്ളുമായി.

"ഡാഡ് ഡോണ്ട് ഹിറ്റ്‌ മി എഗൈൻ..!" തപൻ അലറി. അവന്റെ കൈക്ക് നല്ല ബലമുണ്ടായിരുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. പപ്പേട്ടൻ ആകെ പകച്ചു നിന്നു.

"യു ആൻഡ്‌ മാം ആൾവൈസ് ഫൈണ്ട് മൈ ഫാൾട്സ്...യു ഗയ്സ് ഡോന്നോ വാട്സ് മാനസ്സി ഡൂയിങ്ങ്..!" കുറ്റം സിസ്റെറുടെ മേലെയിടാനും അറ്റെൻഷൻ മാറ്റാനും തപൻ ഒരു ശ്രമം നടത്തി.

"വാട്സ് റോങ്ങ് വിത്ത്‌ ഹേർ ? " പപ്പേട്ടൻ ദേഷ്യം വിടാതെ ചോദിച്ചു

"ഷി ഈസ്‌ ഹാവിങ്ങ്...." തുടങ്ങിയത് മുഴുമിപ്പിക്കാതെ തപൻ ഗരാജ് ഡോറിലൂടെ വീടിന്റെ ഉള്ളിലേക്ക് കയറി.  കാറിന്റെ ബോണട്ടിലും ഗരാജ് ഡോറിലും ശക്തിയായി ഇടിച്ചു തന്റെ ദേഷ്യം തപൻ തീർക്കുന്നുണ്ടായിരുന്നു.

വീണ്ടും എന്തൊക്കെയോ പുകഞ്ഞു നിൽക്കുന്നതു പോലെ തോന്നി പപ്പേട്ടന്. തന്റെ സന്തത സഹചാരിയായ ലാപ്ടോപ്പും എടുത്ത് ഉമ്മറത്ത് വന്നിരുന്നു. ഫാമിലി പ്ലാനിൽ ഉള്ള മാനസ്സിയുടെ ടെക്സ്റ്റ്‌ ഹിസ്റ്ററി വായിച്ചു തുടങ്ങി. ഒരു ഫോണിൽ നിന്നും കുറെ മെസ്സേജ് കണ്ടപ്പോ അതിലേക്കായി പപ്പേട്ടന്റെ ശ്രദ്ധ. കൂടുതൽ വായിച്ചപ്പൊ പപ്പേട്ടന്റെ ചങ്കിടിപ്പ് പിന്നെയും കൂടി. തപൻ പറഞ്ഞു നിർത്തിയതുമായി കൂട്ടി വായിച്ചപ്പോ മേലാസകലം ഒരു വിറയൽ. കണ്ണുകളിൽ ഇരുട്ട് കയറി നെഞ്ചാകെ കുരുക്കിട്ട പോലെ തോന്നി. ലാപ്ടോപ് താഴേക്ക് ഊർന്നു വീഴുന്നതിനു മുന്നേ താഴെയെടുത്ത് വച്ചു.

മെല്ലെ എഴുന്നേറ്റ് വീടിനു മുന്നിലെ വാക്ക് വെയിലൂടെ പപ്പേട്ടൻ നടന്നു.

ഒറ്റ ദിവസം കൊണ്ട് തന്റെ പ്രതീക്ഷകളെല്ലാം തകർന്നു പോയപോലെ തോന്നി പപ്പേട്ടന്.  ഞാൻ ജോലി ചെയ്തു ഉണ്ടാക്കുന്നത്‌ മുഴുവൻ ഇവർക്ക് വേണ്ടിയല്ലേ ? എന്താ എന്റെ മക്കളതു ചിന്തിക്കാത്തത് ? എവിടെയാണ് എനിക്ക് പിഴച്ചത് ? എങ്ങിനെയാ ഇതൊന്നു നേരെയാക്കി എടുക്കുക ? ഒരായിരം ഉത്തരം കിട്ടാത്ത  ചോദ്യങ്ങളുമായി പപ്പേട്ടൻ വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മുത്തശ്ശിയുടെയും മുത്തച്ചന്റെയും കൂടെ മക്കൾ വളരാത്തതു കൊണ്ടാണോ ? നാലായിരം സ്കൊയർ ഫീറ്ററോളം ഉള്ള കൊളോണിയൽ വീട്ടിൽ മക്കൾക്ക്‌ ഓരോ മുറിയും ലാപ്പ്ട്ടോപ്പും സെറ്റ് ചെയ്തു കൊടുത്തു. ഒരോരുത്തരും അവരുടെ ലോകത്തേക്ക് ഒതുങ്ങി വരുകയായിരുന്നു. വീക്കെൻഡിൽ വല്ലപ്പോഴും ഡിന്നർ മേശയിൽ ഹായ് പറയുന്ന ഒരു അവസ്ഥയിൽ എത്തുകയായിരുന്നു മക്കളോടോത്തുള്ള ഇടപഴലുകൾ. ട്രാവൽ ജോലിയുള്ള എനിക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും ?

മുകളിലെത്തെ മുറിയിൽ ഗീതാമ്മ നല്ല ഉറക്കമാണെന്ന് തോന്നുന്നു. പാവം സംഗതികൾ ഇത്രത്തോളം ആയാതറിയില്ലെ അവൾക്കു. എങ്ങിന്യാ അവളെ ഒന്ന് പറഞ്ഞു മനസിലാക്കുക ? അമേരിക്കയിൽ വർഷങ്ങൾ കുറെ ആയെങ്കിലും പാലക്കാടുള്ള ജീവിത ശൈലിയിൽ നിന്നുള്ള കൾച്ചറൽ  ഷോക്ക് അവൾക്കു ഇപ്പോഴും വിട്ടു മാറിയിട്ടില്ല. നല്ലൊരു ജോലിയുള്ളത്  കുട്ടികൾക്കായി വേണ്ടെന്നു വച്ചു. അമ്മയായിരുന്നു രണ്ടു പേർക്കും. പിന്നെ പതുക്കെ പപ്പേട്ടനും ഗീത ഗീതമ്മയായി.

അത്യാവശ്യം ഉഴപ്പും തരികിടയും ഉള്ള ഒരു ബാല്യം ആയിരുന്നെങ്കിലും അതിര് വിട്ടൊന്നും പപ്പേട്ടനു ഇല്ലായിരുന്നു. തന്റെ മക്കൾ ചെയ്യുന്നതൊക്കെ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമാണെന്നു സമാധാനിക്കാൻ പപ്പേട്ടനു പറ്റുന്നുണ്ടായിരുന്നില്ല. ഇവിടെയുള്ള മലയാളി കുട്ടി കറുത്ത കുഞ്ഞിനെ പ്രസവിച്ചപ്പോൾ നമ്മുടെ പിള്ളാര്‌ ഒരു ഇന്ത്യക്കാരനെയെങ്കിലും കെട്ടിയാൽ മതിയായിരുന്നുയെന്നു ഗീതാമ്മ പറയാറുണ്ടായിരുന്നു.

കൂടെ ജോലി ചെയ്യുന്ന സാന്ദ്ര വാക്കർ പതിനെട്ടാം വയസ്സിൽ പ്രസവിച്ച കാര്യം ഗീതമ്മയൊട് പറഞ്ഞപ്പോൾ രണ്ടു മൂന്നാഴ്ച അതിനെ പറ്റിയായിരുന്നു അവൾക്കു സംസാരം.

മാനസ്സി കോളേജിൽ ചേർന്നപ്പോൾ അവളുടെ പിരിമുറുക്കം കൂടി വരികയായിരുന്നു. ഡോമിൽ മിക്സഡ് ആയി ചിലപ്പോ കുട്ടികൾ താമസിക്കാം എന്ന് ആരോ പറഞ്ഞതിന് ശേഷം ഗീതമ്മ മാനസ്സിയോടു മിക്ക ദിവസങ്ങളിലും ക്രോസ് വിസ്താരം ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ ഗീതാമ്മ ആകെ അസ്വസ്ഥയായിരുന്നു . ഫോണിലും വീക്കെന്റിൽ പപ്പേട്ടൻ വരുന്നേരവും സംസാരം കുറഞ്ഞു. ഒരു വെപ്രാളം പിടിച്ച പോലെയായി ഗീതാമ്മ.


മിക്കവാറും എല്ലാ വർഷത്തിലും പാലക്കാട്‌ പോകാറുണ്ടായിരുന്നു. കുട്ടികളായപ്പൊ നാട്ടിൽ പോക്ക് കുറഞ്ഞു . "ഡാഡ് യുവർ പ്ലയ്സ് ഈസ്‌ സൊ ഡാർട്ട്യ്" കുട്ടികൾ മുഖത്ത് നോക്കി പറഞ്ഞു തുടങ്ങിയപ്പോ നാട്ടിൽ പോക്ക് നന്നേ കുറഞ്ഞു . കുന്നും വയലുകളും അരുവികളും കുറഞ്ഞുയെങ്കിലും തറവാടിന്റെ ശാന്തതയും ഭംഗിയും ഇവിടെ കിട്ടുമോ ? വൃത്തിയും വെടിപ്പുമുണ്ടെന്നു പറയുന്ന ഇവിടെ ഇവരീ കാണിച്ചു കൂട്ടുന്നതല്ലേ ഡാർട്ടി ? പപ്പേട്ടൻ സ്വയം തിരുത്താൻ നോക്കി.

തല തിരിച്ചു ഉമ്മറത്തെ ജനലിന്റെ ഗ്ലാസ്സിലൂടെ നോക്കിയപ്പോ ചെറുപ്പത്തിലെ മാനസ്സിയുടെ പുഞ്ചിരിക്കുന്ന മുഖം. കുട്ടികളുടെ സുന്ദരമായ ബാല്യം മുന്നിൽ തെളിഞ്ഞു നിന്നു. "എങ്ങിനെ തോന്നി അവൾക്ക് ഇതൊക്കെ ചെയ്യാൻ ?"

"എന്താ ഭഗവാനെ ഇപ്പൊ ചെയ്യുക ?" ദൈവങ്ങളെ വല്ലപ്പോഴേ പപ്പേട്ടൻ വിളിക്കാറുള്ളൂ.


കൈയും കാലും തളരുന്ന പോലെ തോന്നി  പപ്പേട്ടന്. വീടിനു മുന്നിലെ ലോണിൽ തല ചായ്ച്ചു കിടന്നു. നേരം പുലരാറായിരുന്നു. നേർത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ചെറിയ തണുപ്പ് ഉണ്ടെങ്കിലും പപ്പേട്ടൻ വിയർത്തിരുന്നു. ഇടതു നെഞ്ചിൽ ഭാരം കൂടി വരുന്നതു പോലെ തോന്നി പപ്പേട്ടനു. ശ്വാസം കൂടി വല്ലാതെ ഒരു കിതപ്പും. "എന്താണു എനിക്ക് പറ്റുന്നതന്റെ ഭഗവാനെ...ഒക്കെ ശരിയാകും..." സ്വയം ആശ്വസ്സിക്കാൻ പപ്പേട്ടൻ വെറുതെ ഒരു ശ്രമം നടത്തി.

പാതിയുള്ള ചന്ദ്രനായിരുന്നെങ്കിലും നല്ല നിലാവായിരുന്നു. ചന്ദ്രക്കല അടുത്തു വന്നു നിൽക്കുന്നതു പോലെ തോന്നി പപ്പേട്ടന്. അതിനടുത്ത് മക്കളുടെ കുഞ്ഞു മുഖങ്ങൾ തെളിഞ്ഞു വരുന്നുണ്ടോ, അതോ മാഞ്ഞു പോകയാണോ?  


രജീഷ് വെങ്കിലാട്ട്