30 September 2017

തിരിച്ചറിവുകള്‍


കഴിഞ്ഞ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു രാധകൃഷ്നേട്ടന്റെ വീട്ടിൽ സംസാരിച്ച്‌ കൊണ്ടിരിന്നപ്പോ ശ്യാമച്ചേച്ചി പറയുന്നുണ്ടായിരുന്നു, സതി പോയിട്ട് രണ്ടു മാസമായി. പെട്ടെന്ന് ദിവസങ്ങൾ കടന്നു പോകുന്നപോലെ. സതി ചേച്ചിയുടെ ബാല്യകാലവും കോളേജ് ജീവിതവും പിന്നെ കല്യാണം കഴിഞ്ഞു ഡിട്രോയിറ്റിൽ വന്നതൊക്കെ കുറെ നേരം സംസാരിച്ചു.

വളരെ സാധാരണ ജീവിതം നയിച്ച ചേച്ചി നമുക്കൊക്കെ മാതൃകയാക്കേണ്ട ഒരു വ്യക്ത്തിത്ത്വത്തിനു ഉടമയാണെന്നുള്ള തിരിച്ചറിവുകൾ നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. 

സോഷ്യൽ മീഡിയയുടെ ആസക്ത്തിയിലും മുറവിളിയിലും നൈമിഷികമായിക്കൊണ്ടിരിക്കുന്ന സൗഹ്ര്യതങ്ങളുടെ ബന്ധങ്ങളുടെ താഴ്മയിൽ ചേച്ചിയുടെ മൂല്യങ്ങളുടെ പ്രസക്തി ഒന്ന് വേറിട്ടതാണ്.

ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റ് നീ ലൈക്ക് ചെയ്തില്ല, അതുകൊണ്ടു നിന്റെ പോസ്റ്റിനു ഞാനൊരിക്കലും ലൈക്ക് ചെയ്യില്ല. കൊച്ചിന്റെ പിറന്നാളിനു വരാതിരുന്നതും മരണ വീട്ടിൽ കയറാതിരിക്കുന്നതും ഫേസ്ബുക്കും വാട്സാപ്പും കാരണമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയോട് ചേച്ചി അതിന്റ ദൂഷ്യ വശങ്ങളെ പറ്റി പലപ്പോഴായി പറഞ്ഞിരുന്നു. യുവതലമുറ സോഷ്യൽ മീഡിയയോട് എങ്ങിനെയുള്ള സമീപനമായിരിക്കണമെന്നു കുട്ടികളുടെ  സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത ചേച്ചിക്ക് നല്ല ധാരണ ഉണ്ടായിരുന്നു.

ലൈക്ക് കിട്ടാൻ എന്തും ചെയ്യാൻ തയ്യാറായിരിക്കുന്ന ഫേസ്ബുക്ക് ആന്റിമാർ ചേട്ടൻമാർ , ദിവസേന ഡ്രസ്സ് മാറുമ്പോലെ പ്രൊഫൈൽ പിക്ക്ചർ മാറ്റുന്ന നമ്മുടെ കൂട്ടുകാർ , പുതിയ സാരിയോ ചൂരിദാറോ വാങ്ങിയാൽ അപ്പൊ സെൽഫി എടുത്ത് പോസ്റ്റ് ചെയ്യുന്ന ആന്റിമാർ. നീ ഭയങ്കര സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് പറയുന്ന കൂട്ടുകാരികൾ. ഏതൊക്കെ ഒരു സെറ്റപ്പാണോ എന്ന് ശങ്കിച്ച് നിൽക്കുന്ന മറ്റു കൂട്ടുകാർ. ചേട്ടൻമാരും  മോശമല്ല, ഇന്നാളൊരു ചേട്ടൻ ഭാര്യടെ ഒരു കിടിലം പടം ഒരു സിനിമാ നടിയുടെ കൂടെ വച്ച് അടിതൊട്ട് മുടി വരെ താരതമ്യം ചെയ്ത് രണ്ടു പേരും ഒരു പോലെയാണെന്ന് നാട്ടുകാരെ ഫേസ്‍ബുക്ക് വഴി പറഞ്ഞു കൊടുക്കുന്നു. ഒരു കൂട്ടുക്കാരൻ പോസ്റ്റ് കാണിച്ച് തന്നപ്പോൾ ശരിക്കും സഹതാപമാണ് തോന്നിയത്.

പിന്നെ അപ്പ്‌ഡേറ്റിനു പഞ്ഞം വന്നാൽ പഴയ പോസ്റ്റുകൾ  പൊക്കി കൊണ്ടുവന്നു റീ പോസ്റ്റ് ചെയ്ത് ശ്രദ്ധ തന്നിലേക്കെത്താൻ വെറളി പിടിക്കുന്ന യുവതീയുവാക്കൾ , ട്രിപ്പിന് പോകുമ്പൊ വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന മുതലുള്ള സെൽഫി പരമ്പരകള്‍...ലക്ഷൃറി വണ്ടിയുടെ മുന്നിൽ, വല്ലപ്പോഴും കയറുന്ന ഫസ്റ് ക്‌ളാസ്സ് ഫ്‌ളൈറ്റിൽ, സ്റ്റാർ ഹോട്ടലിനു മുന്നിൽ, സ്വിമ്മിങ് പൂളിൽ... സെൽഫി പോസ്റ്റുകൾ അങ്ങിനെ ഫേസ്ബുക്ക് നിറക്കുന്നു...അതിനോടൊപ്പം ടാഗും. ബർത്ത്ഡേയും വെഡിങ്ങ്‌ ആനിവേസ്സറിയും ലോകത്തെ അറിയിക്കാൻ  ഭാര്യ ഭർത്താവിനെ ടാഗ് ചെയ്യുന്നു...ഭർത്താവ് ഭാര്യയെ ടാഗ് ചെയ്യുന്നു... ട്രിപ്പിന് കൂടെയില്ലെങ്കിലും തന്റെ 'പ്രിയ' സുഹൃത്തുകൾ തന്റെ ട്രിപ്പിന്റെ വർണശബളമായ പോസ്റ്റുകൾ വിട്ടു പോയാലോ എന്ന് ഭയന്ന് അവരെയും ടാഗ് ചെയ്യുന്നു...സുഹൃത്തിന്റെ പിറന്നാളിന് തന്റെ പോസ്റ്റിനായിരിക്കണം കൂടുതൽ ലൈക്ക് എന്ന ഉദ്ദേശത്തോടെ തലേ ദിവസം ഫോട്ടോസൊക്കെ തപ്പി കണ്ടു പിടിച്ച് കൊളാഷ് ഒക്കെ ആക്കി പിറ്റേന്ന് പുലർച്ചെ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് ആന്റിമാർ...ഇതു സൗഹൃതമാണോ അതോ ഫേസ്ബുക്ക് സെൽഫ് സാറ്റിസ്ഫാക്ഷനോ ? അതോ മാനസികമോ ?

യൂത്ത് സൈക്കോളജിയിൽ നല്ല അറിവുള്ള ചേച്ചിയോട് ഈ ഫേസ്ബുക്ക് ആഡിറ്റക്ഷനെ പറ്റി ചോദിച്ചപ്പോ ചേച്ചി പറഞ്ഞത് ഇപ്പഴും ഓർക്കുന്നു "രജീഷേ ഒരു കമ്മ്യൂണിക്കേഷനു വേണ്ടി സോഷ്യൽ മീഡിയേ നമ്മൾ ഉപയോഗിക്കയാണെങ്കിൽ അത് നല്ലതാണ്. പക്ഷെ പലപ്പോഴും വ്യക്തി വൈരാഗ്യത്തിനും വ്യക്തി നേട്ടങ്ങൾക്കുമായി മാറുമ്പോഴാണ് പ്രശ്നം" 
"ചേച്ചി, നമ്മൾ മലയാളികൾ ഒരു പെഗ്ഗ് അടിച്ചില്ലെങ്കിൽ കൈ വിറയൽ വരും എന്നൊരവസ്ഥ തന്നെയാണ് ഒരു ദിവസം ഫേസ്ബുക്കിലോ  വാട്ട്സ്ആപ്പിലോ ഇടക്കിടെ കയറി നോക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്തില്ലെങ്കിൽ .." ഞാൻ ചേച്ചിയെ അനുകൂലിച്ച് പറഞ്ഞു.

"പിന്നെ നമുക്ക് കുറച്ച് പ്രൈവസി ഒക്കെ വേണ്ടേ ? എല്ലാ കാര്യവും ഈ ബുക്കിലെഴുതുന്നത് അത്ര നല്ലതല്ല." ചേച്ചി പറഞ്ഞു.

വളരെ അടുത്ത കുറച്ച് പേരോടൊപ്പം ഒരു ഹിമാലയൻ യാത്ര ചേച്ചി നടത്തിയിരുന്നു. അതിന്റെ ഫോട്ടോകളൊന്നും സോഷ്യൽ മീഡിയയിൽ കണ്ടില്ല. സ്ഥതലങ്ങളൊക്കെ ഇങ്ങിനെയും കണ്ടാസ്വദിക്കാമെന്നു ചേച്ചി നമുക്ക് പറഞ്ഞു തരുന്ന പോലെ തോന്നി. എല്ലാറ്റിലും ഒരു സ്വകാര്യത അതു നമുക്ക് വേണ്ടേ?

വർഷങ്ങളായുള്ള സൗഹൃദങ്ങൾ സോഷ്യൽ സ്റ്റാറ്റസ്സിന്റെ പുകമറയിലും ബന്ധങ്ങളുടെ വിള്ളലിൽ തട്ടി മുഖം തിരിച്ച് നടന്നു നീങ്ങുമ്പോൾ ഇപ്പോഴും അടുത്ത് വന്നു കുട്ടികളെ പറ്റിയും കുടുംബങ്ങളെകുറിച്ചും ചേച്ചിയെ ഓർത്തു പോകുന്നു.
ഒരിക്കൽ മാളൂന്റെ ഡാൻസ് കണ്ടിട്ട് ചേച്ചി പറഞ്ഞതോർക്കുന്നു. "ടോ തന്റെ മോളുടെ ഡാൻസ് കാണാൻ നല്ല ഗ്രേസ് ആണ്. അവളുടെ ഡാൻസ് പഠിത്തം നിർത്തരുത്. ഇവിടെ ഹൈസ്‌കൂൾ ആകുമ്പോഴേക്കും മിക്കവരും ഇങ്ങിനെയുള്ള കലകളൊക്കെ നിർത്തും, അവളെ നീ പഠിപ്പിക്കണം"

തിരക്കേറിയ ജീവിതത്തിനിടയിലും കേരള ക്ലബ്ബ് പോലെയുള്ള സംഘടനകളിൽ വളരെ ഊർജ്ജസ്വലതയോടെ പങ്കെടുക്കാറുള്ള ചേച്ചി അവസാന നിമിഷം സ്റ്റേജിൽ കയറി കൈയടി വാങ്ങുന്നവരുടെ കൂട്ടത്തിലില്ലായിരുന്നു. ചേച്ചിയെപ്പോഴും സ്റ്റേജിനു പിന്നിൽ ജോലി ചെയ്യുന്നവരുടെ കൂട്ടത്തിലൊരാളായിരുന്നു.

വർഷങ്ങൾക്കു മുന്നേ ചേച്ചി നൽകിയ ഒരു ഓണ സന്ദേശം ഇപ്പോഴും ചെറുതായി ഓർക്കുന്നു. വളരെ നിർബന്ധിച്ചാണ് ചേച്ചിയാണ് പ്രസംഗിക്കാമെന്നു ഏറ്റത്. നമ്മുടെ കുട്ടികൾക്ക് ഓണത്തെ പറ്റിയും മാവേലിയെ പറ്റിയും പറഞ്ഞു കൊടുക്കുക. മാവേലിയുടെ ദാനശീലവും നന്മയും ബാല്യം മുതൽക്കേ സ്വായത്തമാക്കാൻ പരിശ്രമിക്കുക. വളരെ ചുരുക്കി ഓണത്തിന്റെ തന്റെ സന്ദേശം പറഞ്ഞു നിർത്തുമ്പോൾ, സ്റ്റേജിലൊന്നു കയറാൻ എന്ത് കളിയും കളിക്കുന്ന അല്ലെങ്കിൽ മൈക്ക് ഒന്ന് കിട്ടിയാൽ പ്രസംഗം നിർത്താതെ സദസ്സിനെ ബോറടിപ്പിയ്ക്കുന്ന നമ്മുടെ ചില മലയാളികൾക്കുള്ള താക്കീതു പോലെ തോന്നി. 

ചേച്ചി നമ്മെയൊക്കെ വിട്ടുപോയിട്ട് രണ്ടു മാസം കഴിഞ്ഞു. ഡോക്ടറായി രോഗികളെ ശുശ്രൂഷിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയോടെ കമ്മ്യൂണിറ്റി കാര്യങ്ങളിൽ ഊർജ്വസ്വലതയോടെ പ്രവർത്തിച്ചപ്പോഴും പിന്നെ എപ്പോഴും  ഉള്ള ആ ചെറു പുഞ്ചിരിയും ചേച്ചിയെ പരിചയമുള്ളവരൊക്കെ നനുത്ത ഓർമ്മകളായി സൂക്ഷിക്കുന്നു . സോഷ്യൽ മീഡിയയുടെ ആസക്തിയിൽ ദിവസ്സങ്ങൾ തള്ളിനീക്കാതെയും ആവശ്യമില്ലാത്ത ഈഗോയുടെ മറവിൽ സൗഹൃദങ്ങൾ മുറിക്കപ്പെടാതെയും നമ്മൾ മറുനാടൻ മലയാളി സുഹൃത്തുക്കൾ നല്ലൊരു ജീവിതം നയിക്കാമെന്നുള്ള ഒരു തിരിച്ചറിവ് ചേച്ചി തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ച് തന്നിരിക്കുന്നു. ഈ തിരിച്ചറിവുകൾ ചേച്ചിയുടെ ഓണ സന്ദേശമായി നമുക്ക് ഏറ്റെടുക്കാം പ്രവർത്തിക്കാം. 

രജീഷ് വെങ്കിലാട്ട് 

rajeesh@gmail.com

21 September 2014

ജനല്‍ പഴുതുകള്‍

ഇടറുന്ന നെഞ്ചിനിലിനെ വേദന
കുടുങ്ങി കുരുക്കായി മാറുന്നു
അറിയാതെ അടരും കണ്ണീരും
ഒരു കിനാവിന്റെ ഓര്‍മ്മയും
കവിളിലൊരു വിയര്‍പ്പായി ഇറങ്ങുന്നു
തിരിച്ചെടുക്കലിന്‍ നൊമ്പരം
മുറിക്കുമെന്‍ മനസ്സിനെയും
പിന്നെ ഹൃത്ത്തിനെയും.
മുകളിലെ മുറിയില്‍
നിശ്ചയാമാമൊരു അരുമയോടെ കിടക്കവേ
മുന്നിലെ ജനല്‍ പഴുതിലൂടെ
തൂവെളിച്ചമാങ്ങിങ്ങായി ചിലമ്പൊലിക്കുന്നു

13 December 2008

യാത്ര

മുറിവിലൂടെ രക്തം അലിച്ചിരങ്ങുമ്പോള്‍
പിടയും വേദനയില്‍
തകരും നൊമ്പരത്തില്‍
ശരീരം മുറിക്കപെടുന്നു.
കണ്ണീരടാരുന്നില്ലെന്കിലും
ഹൃത്തടങ്ങളില്‍ വേദനയുറയുന്നു
പിഴ പറ്റിയ ഞെന്മാമെന്നോതി-
പഴിചാരി പറഞ്ഞോതി.
മുജ്ജെന്മ സുകൃതമെന്ന്
മുതിര്‍ന്നവര്‍ മൊഴിഞ്ഞു.
ഒരു വിടലച്ചിരിയില്‍
ഭ്രാന്തെന്റെ ജല്പനത്തില്‍
ഒഴുകിയെത്തും വാക്കില്‍
നോവിന്റെ ഹൃദയ രക്തം

ജ്വലിക്കും കണ്ണില്‍ രോക്ഷത്തിന്റെ കനല്‍...
വഴിത്താരയില്‍ കണ്ണീര്‍ കണങ്ങള്‍
പിന്നെയും യാത്ര...
~95

22 October 2008

നീലനിലാവ്



നേര്‍ത്തനിലാവിന്റെ പുതു ഭംഗി ,
പുതു ഭംഗിയില്‍ പുഞ്ചിരിച്ച മുഖം
അരുവിയില്‍ വിതറിയ നീല ഭസ്മങ്ങള്‍ ,
ഭസ്മക്കുറിയിട്ട നെറ്റിത്തടം
തെളിഞ്ഞ നീലിമയിലെ പുതു വെളിച്ചം,
പുതു വെളിച്ചത്തില്‍ തിളങ്ങിയ കണ്ണുകള്‍
മന്ദമാരുതനിലെ പുതു ഓളങ്ങള്‍,
ഓലങ്ങളിളിലകുന്ന മുടിയിഴകള്‍
ചന്ദ്ര നീലിമയില്‍ പൊലിയുന്ന പുഞ്ചിരി ,
പുഞ്ചിരിയില്‍ ചിതറിയ വാക്കുകള്‍
പരിഹാസതണ്ടിലെ ചിരിയോലി ,
ചിരിയോലിയില്‍ താഴ്ന്ന മുഖം
പിണക്കത്തില്‍ മങ്ങിയ നിലാവ് ,
മങ്ങിയ നിലാവില്‍ വന്ന അമാവാസി
ഇരുളില്‍ ഇടറിയ വാക്കുകള്‍ ,
വാക്കുകളിലെ നൊമ്പരം തേങ്ങലുകള്
‍നേരിപ്പോടുകളുങ്ങിയ യാമങ്ങള്‍ ,
യാമങ്ങളിലെ സ്വപ്നങ്ങള്‍ വര്‍ണ്ണങ്ങള്
‍മൌനങ്ങള്‍ ചാലിച്ച കായല്‍ തീരം ,
തീരത്തിലെ നിശബ്ദത, വേദന
മരച്ചില്ലകളാല്‍ മുറിഞ്ഞ തെളിവെളിച്ചം ,
തെളിവെളിച്ചത്തിലെ പരിഭവങ്ങള്‍
യാമങ്ങളിലെപ്പോഴോ വന്ന പുതുമഴ ,
മഴയിലലിഞ്ഞിറങ്ങിയ കണ്ണീരുകള്‍
മഴയോഴിഞ്ഞപ്പോ തെളിഞ്ഞ മാനം ,
മാനത്തിലെ പുതു നിലാവ്
സന്തോഷാശ്രുകളില്‍ വിടര്‍ന്ന കണ്ണുകള്‍ ,
കണ്ണുകളിലെ പുതു തിളക്കം
പുലരാനായി കേഴുന്ന നാഴികകള്‍ ,
നാഴികയിലോരോനിമിഷവും നമുക്കു ധന്യം
താഴുകാനാകാത്ത കായല്‍ തീരം ,
തീരത്തിലെ വാക്ക് ശകലങ്ങള്‍ പൊട്ടിചിരികള്
‍കൈപിടിക്കനാകാത്ത നടനം,
നടനത്തിലെ നിലാവിന്‍റെ തഴുകല്‍...



രജീഷ് വെങ്കിലാട്ട് 

11 October 2008

പുഞ്ചിരി

മരിക്കും മനുജന്റെ ആരവത്തെയോതി
സ്മ്രുതികളെല്ലാം ചവിട്ടിമെതിച്ച്‌
ഈ ഭൂവിലോരത്മാവിനായി തേങ്ങി
മുന്നിലാരുടെയോ രൂപം കൊതിക്കവേ
വിരഹമൊരു ഉറവയായി മുന്നിലോടോഴുകുന്നു
വിധിവൈപര്യെ ഞാനും നടുങ്ങുന്നു
ആത്മതുതിക്കായി തേങ്ങുന്നു
ഒട്ടിചെര്‍ന്നതിന്‍ വേര്‍പെടല്‍
ഹൃത്തിനെ മുറിക്കുന്നു
മുറിവില്‍ ചോര കിനിയുന്നു
അരവങ്ങലാടി തിമര്‍ക്കുന്നു
വയ്യെനിക്കവിലെന്നോതി
എന്നിലടുത്ത് തല ചായ്ക്കവേ
അറിയാത്തൊരു ശക്തിക്കായി
ഞാനെന്‍ കണ്ണുകള്‍ അടക്കുന്നു
തോന്ടയിടരിയെന്‍ നാവു ചാലിക്കവേ
തുളുമ്പിയ വാക്കുകളെല്ലാം അവ്യക്തം
എങ്കിലും ഒഴുകി വരും കണ്ണീരില്‍
ഞാനെന്‍ വാക്കിനെ വിസ്മരിച്ചു
ചലങ്ങളെ മറന്നു
ജപങ്ങളെ അകറ്റി
തപങ്ങളെ വിളിച്ചു
പുഞ്ചിരിച്ചു

28 June 2008

വിസ്മയ ആല്‍ബം




കൂടെയുള്ള ബിനുവിന്റെ ഒരു സ്വപ്ന സാക്ഷാല്ക്കാരം... ആറ് ഗാനങ്ങളും ഒരു instumental കൂടിയ ഒരുമനോഹരമായ ഓഡിയോ ആല്‍ബം. ഗൃഹാതുരത്തിന്റെ ഓര്മ്മകളിലൂടെ അസ്തമയത്തിന്റെ ഭംഗിഅല്ലെങ്കില്‍ നഷ്ടബോധം ആസ്വാദകനില്‍ എത്തിക്കുന്ന "മാലിനി മധുഭാഷിനി" ആണ് മികച്ചുനില്ക്കുന്നത്. സന്ധ്യ, മഴ, അസ്തമയം എല്ലാം കവികള്‍ക്ക് പ്രിയപെട്ടതു തന്നെ.

മോഹിനിയായ സന്ധ്യ അങ്ങ് ദൂരെ മറഞ്ഞു നീങ്ങുമ്പോള്‍ ഒരു തുഴ വഞ്ചിയില്‍ ബാല്യം നുകരുന്നആയി ശ്രീ വല്സം നടന്നു നീങ്ങുന്നു .മിന്നി മായുന്ന കഥ കളി പദങ്ങളില്‍ പ്രണയവുമായിമിനുക്ക്‌ വേഷത്തില്‍ രാധാകൃഷ്ണനും കടന്നു വരു‌ന്നു .
protagonist സഹായത്തിനായി സാക്ഷാല്‍ എം.ടി യും നമ്പൂതിരിയും. രണ്ടു പേരും വന്നു പോയത്യെന്തിനോയെന്നു വലിയ പിടിയിയില്ല. protagonist ന്റെ fantasy ആവാം. എങ്കിലും ഒരു പരാജിതനായഎഴുത്തുകാരനായി എം ടി യെയും അപൂര്‍ണമായ ചിത്രവുമായി നമ്പൂതിരിയെയും fantasy യില്‍ കൊണ്ടുവരണമായിരുന്നോ ? സമയം കിട്ടുമ്പോ ബിനുവിനോട് ചോദിക്കണം. വിസ്മയ ആല്‍ബത്തിന്റെപ്രകാശന ചടങ്ങില്‍ ഡോ.ഗീത പറയുന്നുണ്ടായിരുന്നു...പാട്ടുകള്‍ ചിട്ടപ്പെടുത്തി സംവിധാനം ചെയ്തത്ബിനു...പാടിയത് സംവിധായകന്റെ ഭാര്യ...രചിച്ചത് ചേട്ടന്റെ ഭാര്യ...ആകെ മൊത്തം ഒരു ഫാമിലിപാക്കജ്...എം ടിയും നമ്പൂതിരിയും അതേപോലെ വേറൊരു പാക്കജ് ആവാം...

ജീവിതന്ത്യന്തത്തിന്റെ അസ്തമയ നിമിഷങ്ങളില്‍ നമ്മള്‍ കൊഴിഞ്ഞു പോയ സംഭവങ്ങളിലേക്ക്ഒരെത്തിനോട്ടം നടത്തുമെന്ന് സംവിധായകന്‍ എവിടെയോ പറഞ്ഞതു കേട്ടു. ഇതു മുഴുവനായിഅങ്ങോട്ട് അന്ഗീകരിക്കാന്‍ പറ്റുന്നില്ല കാരണം അല്ലാതെയും ഓര്‍മകളിലും nostalgic feeling ലുംനമ്മള്‍ പുറകോട്ടു നോക്കാറില്ലെ ? ചിലപ്പോ കഥകളുടെയും കവിതകളുടെയും കച്ചി തുരുമ്പുകള്‍ഇവയല്ലേ ?

പക്ഷെ എന്താണെന്നറിയില്ല ആല്‍ബത്തില്‍ മുഴുവനും ശ്രീവല്‍സന്‍ ഒരു ഭാവ മാറ്റവും ഇല്ലാതെയാണ്അഭിനയിച്ചിരിക്കുന്നത്...ആളുകള്‍ nostalgic mood ലേക്ക് പോകുമ്പോ...ഭാവങ്ങള്‍ നഷ്ടപെടുമെന്നുകേട്ടിട്ടുണ്ട്.. അത് കൊണ്ടാവാം. അല്ലെങ്കില്‍ കുളപ്പടവുകളിലും അമ്പലപ്പടവുകളിലും ബാല്യത്വവുംഈറനണിഞ്ഞ സുന്ദരിക്കൊപ്പം കൌമാരവും പുള്ളിക്കാരന് വിവിധ ഭാവങ്ങള്‍ കൊണ്ടു വരാമായിരുന്നു . എന്നാലും ഒരു അമേരിക്കന്‍ NRI യുടെ nostalgic recollection ന്റെ അവസാനം പുള്ളിക്കാരന്‍ ഒന്നുഞെട്ടി...ആവൂ ആശ്വാസം...

02 March 2006

ആരാണവള്‍ ?

ആരാണവള്‍ ?

ക്ലാവുപിടിച്ചൊരേടിന്‍ ദീപ്തമോ
മിഴിതുറന്ന സന്ധ്യയുടെ തെളിമയോ
പുതുമഴയുടെ കന്നിഗന്ധമോ
ഒരമൂര്‍ത്തരൂപത്തിന്‍ ഭാവമോ
തിരയൊഴിഞ്ഞ തീരത്തിന്‍ മൌനമോ

ആരാണവള്‍ ?
വിടപറയും സന്ധ്യയില്‍-
തെളിഞ്ഞ കളിവിളക്കോ
അകന്നു പോകുമൊരുഷസ്സിന്‍
തേനുമായ്‌ വന്ന സൌന്ദര്യമോ
പെയ്തൊഴിഞ്ഞ മഴയില്‍ വന്ന
വിറങ്ങലിച്ച കന്യകയോ
തളിര്‍ത്തൊരു സ്വപ്നമോ

ആരാണവള്‍ ?
നേരറിയുമെന്നമ്മയുടെ-
മുന്നില്‍ ചിരിതൂകിയ ബാല്യമോ
പിടിയയഞ്ഞ തന്ത്രികളില്‍
ശക്തിപകര്‍ന്ന ദേവിയോ
ഇടനെഞ്ചിലുയര്‍ന്ന വേദന
തളിരിളം വിരലാല്‍ തഴുകിയവളോ

ആരാണവള്‍ ?
എപ്പോഴുമെന്‍ മുന്നില്‍ തെളിയുന്ന
ചിത്രത്തിലൊരു ചോദ്യമാകാതെ
അറിയാതെ വരുമൊരു കാറ്റി-
ലിളകുമൊരു പൂമൊട്ടാകാതെ
നെഞ്ചോടു ചേര്‍ത്തുപിടിച്ചെ-
ങ്കിലെന്നു വെറുതെ നിനച്ചു ഞാന്‍

മാര്‍ച്ച്‌ 99

07 November 2005

ഹൃദയത്തിന്റെ ഒരു ദിനം

ഇന്ന്‌ പുലര്‍ച്ചെപെയ്തൊഴിഞ്ഞ
വേനല്‍ മഴക്കൊടുവിലെപ്പോഴോ
ഒത്തിരി കഴുകന്മാര്‍ വന്നെന്റെ
ഹൃദയം പതിയെ കൊത്തിനുറുക്കി

ഇടുങ്ങിയക്കുടുക്കിലൂടൂര്‍ന്ന-
വേദനയുമിത്തിരി മോഹങ്ങളും
ഒന്നൊഴിയാതെ കൊത്തിയെടുത്തകന്ന
പക്ഷിയെനോക്കി പുഞ്ചിരിച്ചു ഞാന്‍

കന്നിമണ്ണിന്‍ ഗന്ധമുയര്‍ന്നവാനില്‍
കണ്ണീരുപൊഴിക്കാനറിയാതെ
കിനിയുമിലത്തുള്ളികളെ തട്ടി.
കരളിലെന്‍ വേദനയെപിടിച്ചു നിര്‍ത്തി

രക്തധമനിയിലൂടൊഴുകിയിറങ്ങും
രുധിരമെന്നെ ചുവപ്പിക്കവെ
തകര്‍ന്ന്‌ വീഴും ഹൃത്തിനോടടുക്കാതെ
തനിയെ ഞാനാമതിലിനരികെയിരുന്നു.

കഴുകന്റെ ചിറകടിപോലെന്‍
ഹൃത്തടം മിടിക്കവെ
ആരവങ്ങള്‍ക്കിടെയുയരും
പുരോഹിതമന്ത്രങ്ങളകന്നുവെന്നോ ?

തളരും ഹൃദയവുമിടറും
മനവുമറിയാതെ
ജ്വലിച്ചുയര്‍ന്ന സൂര്യന്‌ കീഴെ
വിശപ്പറിയാതെ ഞാനാ സദ്യയുണ്ടു.

ഇടയ്ക്കതികമായണയും വേദനയെ
കണ്ണിറുക്കി ചുണ്ടുകടിച്ചു
ഞാനെന്നിലേക്ക്‌ മാത്രമൊതുക്കി-
യാ തണലിലേക്കടുത്തു നിന്നു.

പലരും പലതും പ്രാകി
പിന്നിലിരുന്നു പല്ലുകാട്ടി
പതിയെ ഞാനറിഞ്ഞു പുച്ഛിക്കവെ
പുഞ്ചിരിച്ചന്ന്യനായ്‌ മാറി നിന്നു.

വ്യഥയുടെ ഭൂപാളരാഗം
എന്നിലുയര്‍ന്ന്‌ മുഴങ്ങവെ
ജനിച്ച തെറ്റിനെയോര്‍ത്തെ-
ന്നമ്മയെ തള്ളിയകറ്റി ഞാന്‍.

മുറിവേല്‍പ്പിച്ച കഴുകരെ
പിന്നെ ഞാനെങ്ങും കണ്ടതേയില്ല
ഞാനാവരെ തേടിയതുമില്ല-
വരോടെനിക്ക്‌ പകയുമില്ലിപ്പോഴും.

ആളുകളോരോന്നായ്‌ പടിയിറങ്ങുന്നു
കണ്ണീര്‍ക്കണമടരുന്നു ഒഴുകുന്നു
നോക്കാനാവാതെ ചിരിക്കാനറിയാതെ
ഞാനും പടിയിറങ്ങിനിന്നു.

പെയ്തിറങ്ങിയ മഴയുടെ നനവുകള്‍
സന്ധ്യയിലോരു കുളിരായെന്നെ
തഴുകി ചിരിച്ചുകൊണ്ടകലവെ
മൂകനായ്‌ ഞാനാ ഉമ്മറത്തിരുന്നു.

പോയ്മറയും കിളികള്‍തന്നാരവം
എന്നിലൊരേകാന്തത വീണ്ടും തീര്‍ക്കവെ
അവരോടൊത്തു മടങ്ങാന്‍
ചിറകുതളര്‍ന്നോരീ കിളിയും കൊതിച്ചു.

മെയ്‌ 1995

21 October 2005

മെയ്‌ മാസത്തിലെ കണിക്കൊന്ന

ഞാന്‍ നട്ടുവളര്‍ത്തിയ
വീട്ടുമുറ്റത്തെ കണിക്കൊന്ന
ഇപ്പോഴും പൂത്തിട്ടില്ല
മൊട്ടിട്ടസ്വപ്നത്തിന്‍
വിടരാത്ത മനസ്സുപോലെ
ചെറുമഞ്ഞമൊട്ടുകള്‍
അങ്ങിങ്ങായ്‌ കാണവെ
ഇവിടെയീ മീനമാസത്തില്‍
ഉയരും ഉത്സവച്ചൂടില്‍
സ്വര്‍ണ്ണവര്‍ണ്ണത്തിന്നൊളിതൂകാതെ
എന്തെ നീയൊളിച്ചിരിക്കുന്നു ?
പുലര്‍ക്കാലെ കണ്ണന്‌ ചാരെ
ഒരുങ്ങുമീകണിക്കു മുന്നെ
പൂട്ടിയമിഴിയാലെ വന്നീടുമ്പോള്‍
പുഞ്ചിരിയാല്‍ പുതുലോകം കാട്ടാന്‍
നീയെന്തെയെന്മുന്നില്‍ പൂത്തില്ല ?

വിഷുവെട്ടം കഴിഞ്ഞ്‌-
മനസ്സിലൊരാമോദ കൊടിയിറക്കി
മുന്നോട്ടയുമ്പോയതെ
നീ സ്വര്‍ണ്ണവര്‍ണ്ണങ്ങളാല്‍ ചിരിക്കുന്നു
നിന്നെ പഴിച്ചു-
വിഷുവിന്‍ നാളില്‍
ഞാനൊതിയ വാക്കുകളുമെന്‍-
ശാപമുഖങ്ങള്‍ക്കുമുത്തര-
മീവൈകിയ നേരത്തെന്തെ
നീ ചിരിതൂകിയൊളിവിതറി-
യൊന്നായ്‌ പറഞ്ഞീടുന്നു.

നീയീതെറ്റിയ നേരത്ത്‌ വന്ന്‌
ഓര്‍മ്മകള്‍ വിതറി
സ്വര്‍ണ്ണവളകള്‍ കിലുക്കി
മുക്താനുരാഗത്താല്‍
നമ്മെ തളര്‍ത്തുന്നുവോ ?
നിന്‍ മൃദുപുഞ്ചിരിയില്‍
വൈരാഗ്യമുറഞ്ഞുവോ ?
മറിഞ്ഞു വീഴുംസഹചരര്‍
നിന്നില്‍ ഉഴിര്‍കൊണ്ടുവോ ?

പൂക്കാന്‍ മടിച്ചു-
നീയോതിയ പാഠങ്ങള്‍
വൈകിയുണരുമെന്‍
മോഹതപങ്ങള്‍ക്ക്‌ സാക്ഷി

മെയ്‌ - 1996

03 October 2005

ബ്ലോഗ്‌ പിറക്കുന്നു

സിബൂനെ വിളിക്കുമ്പൊ എന്നും ചോദിക്കും 'എടാ നീയെന്താ ഒരു ബ്ലൊഗ്‌ തുടങ്ങാത്തത്‌ ? '
തിരക്കേറിയ ഈ ജീവിതയൊട്ടത്തില്‍ സമയം കിട്ടുന്നില്ലടാ എന്ന പതിവു പല്ലവിയിലോട്ടും പോയില്ല...
ഓണ വിശേഷങ്ങളൊക്കെ വച്ച്‌ ഓണത്തിനൊരു ബ്ലൊഗ്‌ തുടങ്ങാമെന്ന് വിചാരിച്ചു , അത്‌ പറ്റിയില്ല . ഇപ്പൊ ഗാന്ധി ജയന്തി ദിനത്തിലാകട്ടെ... അപ്പൊ തുടങ്ങാം അല്ലെ ?
ഓണത്തെ കുറിച്ച്‌ പറയുമ്പൊ എന്താ പറയുക ? 'ഓണം...മലയാളക്കരയുടെ മഹനീയ സങ്കല്‍പ്പം
അല്ലെലെല്ലാം മറന്ന് മാവേലി മന്നനെ എതിരേല്‍ക്കുന്ന കാലം. മലയാളക്കരയുടെ സുന്ദര സുമോഗന സ്വപ്നം... എല്ലാം ഇന്ന് ഇന്നലയുടെ ഇരുളില്‍ മറഞ്ഞ്‌ പോയിരിക്കുന്നു...' പണ്ടത്തെ തരംഗിണിയുടെ ഓണകാസ്സറ്റില്‍ കേട്ട്‌ മറന്ന ശകലങ്ങള്‍...
എല്ലാ വര്‍ഷവും ഓണമാകുമ്പൊ ആദ്യം ഓര്‍മ്മ വരുന്ന വാക്കുകളാണിവ... ഇന്നും ഇതിന്‌ പതിവ്‌ തെറ്റുന്നില്ല.
പൂവുള്ളതൊക്കെ പെറുക്കി മാളുവും ദീപ്തിയും പത്ത്‌ ദിവസവും പൂവിട്ടു... ഓലകൊണ്ട്‌ മെനെഞ്ഞ പൂക്കൊട്ടകളില്‍ തുമ്പയും പിന്നെ നല്ല വയലറ്റ്‌ നിറമുള്ള കോഴിപ്പൂവും കാടായാ കാടൊക്കെ കറങ്ങി ഓടി നടന്ന് പൂ പറിച്ചിരുന്ന ഒരു ബാല്യം മുന്നില്‍ തെളിയുന്നു.വയലറ്റും വെളളയുമായ ഈ നിറങ്ങള്‍ പൂക്കളത്തില്‍ എടുത്തു കാണിക്കുമെന്നാണ്‌ പൂക്കളമൊരുക്കുന്നതില്‍ ഗുരുവും വരകളുടെ രാജാവുമായ രഘുപാപ്പന്‍ പറയാറ്‌. ഓണത്തിനുള്ള പൂക്കള മല്‍സരങ്ങളില്‍ നമ്മുടെ മുഖ്യ എതിരാളി കണ്ടോത്തുള്ള മൂത്തച്ഛന്റെ കുടുംബമയിരുന്നു. മൂത്തച്ഛന്റെ മൂത്ത മകന്‍ മോഹനാട്ടന്‍ നന്നായി വരക്കുന്ന ആളായിരുന്നു.ക്രിസ്തുമസ്സിനൊക്കെ പുള്ളിക്കാരന്‍ വരച്ച പടങ്ങളായിരുന്നു ഗ്രീറ്റിംഗ്‌ കാര്‍ഡായി കിട്ടാറ്‌. പിന്നെ തലയില്‍ വരച്ചിട്ടുണ്ടെന്ന് പറയുമ്പോലെ ഒരു കഴിവും ഉണ്ടെന്ന് പറയാം. വായനശ്ശാലയില്‍ പാച്ചപ്പൊയ്ക ടൈംസ്സ്‌ എന്ന പേരില്‍ ഒരു വീക്കിലി പത്രം ഞങ്ങളെറക്കിയിരുന്നു. അതിലെ ന്യൂസ്‌ ഞാനും മോഹനാട്ടെന്റെ അനിയന്‍ രഞ്ചിയാട്ടനും കൂടിയായിരുന്നു കമ്പൊസ്സ്‌ ചെയ്യാറ്‌. പത്രത്തില്‍ മാന്‍ഡ്രേക്ക്‌ എന്ന കാര്‍ട്ടൂണ്‍ മോഹനാട്ടനയിരുന്നു വരച്ചിരുന്നത്‌. നാട്ട്‌ പ്രമാണിമാരുടെ ഉറക്കം കെടുത്തിയ ഒരു കാര്‍ട്ടൂണ്‍ പരമ്പര തന്നെയായിരുന്നു അത്‌... ഞായറാഴ്ച്ച രാവിലെയാണ്‌ പത്രം വായനശ്ശാലയില്‍ എത്തുന്നത്‌. ചില ആഴ്ചകളില്‍ ഒച്ചയാകുമ്പോഴേക്കും പത്രം അപ്രത്യക്ഷമാകും... മിക്കവാറും മോഹനാട്ടന്റെ കാര്‍ട്ടൂണാകും വിഷയം... ഒറ്റ കോപ്പിമാത്രമുള്ള പത്രം എവിറ്റേന്ന് നാട്ടുകാര്‌ ചോദിക്കുമ്പോ അത്‌ പ്രമാണിമാരുടെ വീട്ടില്‍ കാണും എന്ന് പറയാനെ പറ്റാറുള്ളു. കോപ്പികളിറക്കണമെന്ന് രഞ്ചിയാട്ടന്‍ പറഞ്ഞെങ്കിലും അതൊന്നു പിന്നെ നടന്നില്ല...
സത്യം പറഞ്ഞാല്‍ മോഹനാട്ടനും രഘുപ്പാപ്പനും വരക്കുന്ന ഡിസൈനിലാണ്‌ പൂക്കളതിന്റെ മര്‍മ്മമിരിക്കുന്നത്‌. രണ്ട്‌ വീട്ടുകാര്‍ക്കും ഒന്നും രണ്ടും സമ്മാനങ്ങള്‍ മാറി മാറി കിട്ടാറുണ്ട്‌.പാച്ചപ്പൊയ്ക വായനശ്ശാലയുടെ ആഭിമുഖ്യത്തിലായിരുന്നു മല്‍സരങ്ങള്‍ നടത്തിയിരുന്നത്‌. ഗ്ലാസ്‌ സെറ്റോ അല്ലെങ്കില്‍ പ്ലയിറ്റ്‌ സെറ്റോ ആയിരിക്കും മിക്കവാറും സമ്മാനം. സമ്മാനദാന പരിപാടികളില്‍ ഏെറ്റവും അവസാനത്തെ അയിറ്റമായിരിക്കും ഇത്‌. നാട്ടിലെ ആദരീയണീയനും ഓഫീസുദ്യോഗങ്ങളില്‍ തലപ്പത്തിരിക്കുന്ന ബി.ഡി.ഓ ഓഫീസര്‍ അനന്താട്ടനായിരിക്കും മിക്കവാറും സമ്മാനദാനം നടത്തുക.വള്ളി ട്രസറൊക്കെയിട്ട്‌ സമ്മാനം കൈ നീട്ടി വാങ്ങാന്‍ നമ്മളും. ഓണത്തിന്റെ പൂക്കള മല്‍സരത്തിന്‌ സമ്മാനം കിട്ടുക എന്നത്‌ ചില്ലറ കാര്യം ഒന്നുമായിരുന്നില്ല.മിക്കവാറും ഒരു ഇരുപതിനടുപ്പിച്ച്‌ ടീം ഉണ്ടാകും മല്‍സരിക്കാന്‍. മാവേലിയോടൊപ്പം പൂക്കളം കാണാന്‍ നമ്മളും പോകും. പൂക്കളം എല്ലാം കണ്ട്‌ വീട്ടില്‍ വന്ന്‌ വിലയിരുത്തും. 'ഇത്തവണ ഫശ്സ്റ്റ്‌ പ്രയിസ്സ്‌ കണ്ടോത്ത്‌ പോകുമെന്നാ തോന്നുന്നെ, നമ്മുടെ പൂക്കളത്തിന്‌ ഒരു എടുപ്പ്‌ പോരാന്ന് പിള്ളാര്‌ പറയെന്നെ'. പിന്നെ റിസല്‍ട്ടറിയുന്നത്‌ വരെ ടെന്‍ഷനാ.വര്‍ഷങ്ങള്‍ പെയ്തൊഞ്ഞപ്പോള്‍ എപ്പൊഴൊ പൂക്കള മല്‍സ്സരങ്ങളും നിന്നു. കര്‍ക്കിട മാസത്തെ ഒരു ത്രിസന്ധ്യക്ക്‌ പാനുണ്ട വായനശ്ശാലക്ക്‌ പൊകുന്ന വഴി മോഹനാട്ടനെ പാമ്പ്‌ കടിച്ചു.അത്‌ ഒരു മരണത്തിലേക്കുള്ള യാത്രയായിരുന്നു. മരണമെന്ന സത്യത്തെ അറിഞ്ഞു വരുന്ന കാലമായിരുന്നു. വിറങ്ങലിച്ച ശരീരത്തെ നോക്കി കരയാനാവാതെ ഞാനിരുന്നു. വരകളും നുറുങ്ങ്‌ സാഹിത്യവുമായി നടന്നിരുന്ന ഒരു നല്ല സഹചാരിയെ നഷ്ടമായി എന്നനെനിക്ക്‌ തോന്നി. നൊര്‍ത്ത്‌ മലബാര്‍ ഗ്രാമീണ ബാങ്കിലെ ജോലി കഴിഞ്ഞ്‌ വരുന്ന ഒഴിവ്‌ സായാഹ്നങ്ങള്‍ ചിലപ്പോഴൊക്കെ എനിക്ക്‌ കിട്ടാറുണ്ടായിരുന്നു. നഷ്ടവസന്തങ്ങളില്‍ ചിലത്‌ കൂടി...
ആ.. ഈ വര്‍ഷത്തെ ഓണം... നസ്രാണി കൂട്ടുകാരെയൊക്കെ വിളിച്ച്‌ ഓണസദ്യ കൊടുത്തു. നാടന്‍ സാമ്പാറും പച്ചടിയും തോരനും പപ്പടവും ഒക്കെയായി ഒരു ഓണ്‌. ഇതൊന്നും അങ്ങോട്ട്‌ താഴുനിലെന്ന് പറഞ്ഞ മത്തായിക്ക്‌ ഒരു ഡബിള്‍ ഓം ലറ്റ്‌ ഉണ്ടാക്കി കൊടുത്തു... അങ്ങിനെ അങ്ങേരും ഹാപ്പി