19 November 2005

ചക്കപ്പായസം

മഴ.“തുള്ളിക്കൊരു കുടം പേമാരി” എന്ന പോലെ തിമര്‍ത്തുപെയ്യുകയാണ്‌ മഴ.വേനലില്‍ വരണ്ട ഭൂമിക്ക്‌ പുളകം.വിറങ്ങലിച്ച കന്യകയെ പോലെ ഭൂമി തണുത്ത്‌ വിറങ്ങലിച്ച്‌ നില്‍ക്കുന്നു.എന്നും മഴയെ സ്നേഹിച്ചിരുന്ന എനിക്ക്‌ എന്തെന്നില്ലാത്ത ആഹ്ലാദം.വേനലവധി കഴിഞ്ഞ്‌ സ്ക്കൂള്‍ തുറക്കുകയാണെന്ന ദുഖം മഴയില്‍ ഒലിച്ചു പോകുന്ന പോലെ തൊന്നി.കോലായിലെ തിണ്ണമേല്‍ കൂനി കൂടിയിരുന്ന്‌ ഇറ്റ്‌ വീഴുന്ന മഴയുടെ സംഗീതം കാതോര്‍ത്തിരുന്നു.ഇടയ്ക്ക്‌ മഴ കുറയുമ്പോ ചെറുകിളികള്‍ ചെമ്പരത്തിയുടെ ഇലക്ക്‌ കീഴെ വന്നിരുന്ന്‌ തൂവല്‍ കുടയുന്നു.മഴ പിന്നെയും ആര്‍ത്തിരമ്പി വരുമ്പോ അവയൊക്കെ എങ്ങോട്ടോ ഓടി മറയുന്നു.
“ടാ, സ്ക്കൂള്‌ തുറക്കുമ്പോ തന്നെ പനിയും മറ്റും ബര്‍ത്തിക്ക്വാ, മഴച്ചാറല്‌ കൊള്ളാതെ അകത്ത്‌ പോയിരിക്കടാ…” അച്ഛമ്മയുടെ താക്കീത്‌ കേള്‍ക്കാതെ പിന്നെയും അവിടെ തന്നെയിരുന്നു.
മുറ്റത്തെ ചെമ്പരത്തിയുടെ മഞ്ഞയിലകള്‍ മഴത്തുള്ളിയുടെ ഭാരം താങ്ങാനാവാതെ വിട പറഞ്ഞിറങ്ങുന്നു.ചെടിച്ചട്ടിയിലെ ചുകന്ന പനനീര്‍പ്പൂവ്‌ ഇതള്‌ കൊഴിച്ച്‌ വിധവയായിരിക്കുന്നു.മട്ടക്കെ ദാമൂട്ടന്റെ പട്ടി മുറ്റത്തൂടെ ചെളി തെറിപ്പിച്ച്‌ ഓടിപ്പോയി. ഇടക്ക്‌ വീശുന്ന കാറ്റില്‍ മഴത്തുള്ളികള്‍ എന്റെ കാല്‍പ്പാദങ്ങളെ നനക്കുന്നു.പുറക്‌ വശത്തെ തെങ്ങില്‍ നിന്നും ഉണങ്ങിയ ഓല ശബ്തത്തോടെ താഴോട്ട്‌ പതിച്ചു.മഴ പിന്നെയും കനത്തു.
“ല്ലാ, ടെ ആരൂല്യേ ? ” ചെട്ട്യാമ്പീട്ടിലെ ചാത്ത്വാട്ടന്‍.
ഒച്ച കേട്ട്‌ അമ്മയും അച്ഛമ്മയും ഇറയത്തേക്ക്‌ വന്നു.
“ഒരുത്തനല്ലപ്പാ ആ ഇരുത്തീമ്മ തന്നെയിരിക്കുന്നെ, യിന്നോടല്ലെ അച്ഛമ്മ ആത്ത്‌ പോയിരിക്കാന്‍ പറഞ്ഞെ ? ല്ലാരും ബ്‌റച്ചിരിക്കുമ്പാ ഒരുത്തന്‍ ചാറലും കൊണ്ടിരിക്കുന്നെ” എന്നെ ചൂണ്ടിക്കാണിച്ചോണ്ട്‌ അമ്മ പറഞ്ഞു.
“ഇങ്ങക്ക്‌ കരണ്ടുണ്ടാ ? , കാറ്റ്‌ അടിക്കാന്‍ തുടങ്ങിയപ്പൊ തന്നെ ഞമ്മളെ കരണ്ട്‌ പോയി” ചാത്ത്വാട്ടന്‍ നാട്ട്‌ വിശേഷങ്ങള്‍ പറഞ്ഞ്‌ തുടങ്ങി.
“വല്ല കൊമ്പോ മറ്റോ വീണിട്ടായിരിക്കും” അച്ഛമ്മ തന്റെ പതിവ്‌ കാരണം നിരത്തി.
“ആപ്പാ, അങ്ങട്ടേലെ കുഞ്ഞാണാട്ടന്റെ മാങ്കൊമ്പ്‌ പൊട്ടിവീണതാ, അന്നെ ഞാനോറൊട്‌ പറഞ്ഞതാ…” ഒരു സ്വകാര്യം പറയണ പോലെ പറഞ്ഞു.
“കുളത്തില്‌ വെള്ളം കേറിയോ ചാത്ത്വാട്ടാ ?”
“ങാ, കേറി വരുന്നു”
“ഞ്ഞീ, ഇതും നോക്കി നിന്നാ മതി, സ്ക്കൂള്‌ തുറക്കുമ്പോ പഠിക്ക്യന്നും വേണ്ടാ” അമ്മയുടെ പതിവ്‌ താക്കീത്‌ പിന്നേം.
സ്ക്കൂള്‌ തുറന്ന്‌ രണ്ട്‌ മൂന്ന്‌ ദിവസം കഴിയുമ്പോഴേക്കും കുളം നിറഞ്ഞൊഴുകി. വിവരമറിയിച്ച്‌ കൊണ്ട്‌ അങ്ങട്ടേലെ ബാലാട്ടന്റെ ബാബു ഓടിയെത്തി.“ടാ, വി.കെ കോളമോഴുകിയെടാ, നീ തൊര്‍ത്തെടുത്തിട്ട്‌ വേഗം വാ” . സ്ക്കൂള്‌ വിട്ട്‌ വരുന്ന വഴിയാണ്‌ ബാബുവിന്റെ പ്രഖ്യാപനം.
“അമ്മേ , കുളമൊഴുകി ഞാന്‍ കുളിക്കാന്‍ പോണു.”
“ന്നാ ചായ കുടിച്ചിട്ട്‌ പോയിക്കോ”
ചായ കുടിച്ചെന്ന്‌ വരുത്തിയ ശേഷം തൊര്‍ത്തുമെടുത്ത്‌ ഒരോട്ടമായി.സ്ക്കൂളില്‍ രാധ ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുമ്പോഴും മനസ്സ്‌ കുളത്തിലായിരുന്നു.ഇന്നലെ ഒരു പട കൂടി മാത്രമെ കയറാന്‍ ഉണ്ടായിരുന്നുള്ളു.പുറത്ത്‌ മഴ തിമര്‍ത്ത്‌ പെയ്യുമ്പോഴെ ഒറപ്പിച്ചിരുന്നു ഇന്ന്‌ കുളമൊഴുകുമെന്ന്‌.അതുപോലെ തന്നെ സംഭവിച്ചു.മുത്തപ്പന്‌ പ്രണാമം !
പഴയകാലത്തെ സാമൂഹ്യപ്രവര്‍ത്തകനായ പനക്കാടന്‍ എന്ന നല്ല മനുഷ്യന്‍ പണിതതായിരുന്നു നിറയെ കല്‍പ്പടവുകളുള്ള ഈ നീന്തല്‍ക്കുളം.അടിത്തട്ട്‌വരെ കല്‍പ്പടവുകളുള്ള ഈ കുളത്തില്‍ കൊച്ച്‌ കൊച്ച്‌ മീനുകളുമുണ്ടായിരുന്നു.മഴവരുന്നതിന്ന്‌ മുന്നിലുള്ള ഒരു വേനലില്‍ നാട്ട്കാരൊക്കെ കൂടിച്ചേര്‍ന്ന്‌ കുളം വൃത്തിയാക്കുമായിരുന്നു.അതിനോടടുത്ത്‌ അദ്ദേഹം തന്നെ പണിത കെട്ടിടം പനക്കാടന്‍ സ്മാരക വായനശാലയായി നിലകൊള്ളുന്നു.കീശ വീര്‍പ്പിക്കാനായി ഭരണം കയ്യാളുന്ന ഇപ്പോഴത്തെ നേതാക്കന്മാര്‍ക്ക്‌ ഒരപവാദമായി അദ്ദേഹം ഇന്നും നാട്ടിലെ പഴയ തലമുറയില്‍ നിലകൊള്ളുന്നു.
കുളക്കടവിന്‌ അടുത്തുള്ള ബാലവാടിയുടെ ജനലഴികളില്‍ ഷര്‍ട്ടും ട്രൌസറും അഴിച്ച്‌ തോര്‍ത്ത്‌ ചുറ്റി. ഒറ്റച്ചാടലായി കുളത്തിലേക്ക്‌.കുളമൊഴുകിയത്‌ കൂടുതലാരും അറിഞ്ഞിലെന്ന്‌ തോന്നുന്നു.കുളത്തില്‍ ആളുകള്‍ നന്നെ കുറവായിരുന്നു.ഇരുട്ട്‌വീഴണ വരെ നീന്തിക്കുളിച്ചു.
“ടാ, വിളക്ക്‌ വെയ്ക്കാറായെന്ന്‌ തോന്നുന്നു,” ഞമ്മക്ക്‌ കേരാ ?”
ബാബു പറഞ്ഞപ്പോഴാണ്‌ സമയത്തെക്കുറിച്ച്‌ ബോധം വന്നത്‌.പിന്നെ തല തോര്‍ത്തലും കുപ്പായം മാറലുമൊക്കെ സെകന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.സന്ധ്യവിളക്ക്‌ വെക്കണതിന്‌ മുന്നെ എത്താന്‍ വേണ്ടി പിന്നെയൊരോട്ടമായിരുന്നു.നനഞ്ഞ തോര്‍ത്ത്‌ അയയില്‍ കുടഞ്ഞിട്ട്‌ തിരിയുമ്പോ പുറകില്‍ അച്ഛമ്മ “തലേമ്മന്നല്ലപ്പാ വെള്ളം വീഴുന്നെ, ഇങ്ങോട്ട്‌ വന്നാട്ടെ”.ഉണങ്ങിയ തൊര്‍ത്തെടുത്ത്‌ അച്ഛമ്മ തലതോര്‍ത്തികൊണ്ടിരുന്നപ്പൊ അച്ഛമ്മ പറഞ്ഞു “ടാ, അടുക്കളയില്‍ പായസം വെളമ്പി വച്ചിട്ടുണ്ട്‌, ചൂടാറും മുമ്പെപോയി കുടിച്ചോ “
“അച്ഛമ്മെ ചക്കപ്പായസാ ?”
മണിക്കൂറുകളോളം കുളത്തില്‍ കുളിച്ചതിന്റേയും സ്ക്കൂളിനടുത്തെ അച്ച്വാട്ടന്റെ ജയ്ഹിന്ദ്‌ ഹോട്ടലില്‍ നിന്ന്‌ പിള്ളാര്‍ക്കുള്ള ഒരൂണ്‌ ഉച്ചയായപ്പൊ കഴിച്ചതിനാലും നല്ല വിശപ്പായിരുന്നു.അടുക്കളെ ചെന്നപ്പൊ ആവി പറക്കണ ചക്കപ്പയസം.
“ദ്‌ രാ ചക്കപറിച്ചെ ? ““ചാല്ല്യന്‍ വീട്ടിലെ മാതു റോഡ്‌ സൈഡിലുള്ള പിലാവിമ്മെന്ന്‌ വീണടക്ക്ന്ന്‌ എടുത്തോണ്ട്‌ തന്നതാ.”
മാത്വാടത്തിയേയും അപ്പൊ വീഴാന്‍ തോന്നിയ ചക്കയേയും മസസ്സില്‍ നന്ദി പറഞ്ഞ്‌ പായസം കുടിച്ചു തുടങ്ങി.പഞ്ചസാരയൊന്നും അച്ഛമ്മ പായസത്തിലിടില്ല, പകരം വെല്ലമാണിടുക.കൂടെ നല്ല മണമുള്ള ഏലക്കായും ഇടും. എല്ലാം കൂടി ഒരു പ്രത്യേക രുചിയാണ്‌ പായസത്തിന്‌.വയറ്‌ പൊട്ടണ വരെ കുടിക്കും.
“റോഡ്‌ സൈഡിലെ വരിക്കപ്പിലാവിമ്മെ കുറെ ചക്ക പഴുക്കാറയിട്ടുണ്ട്‌, ആനകൊട്ടനോ ബാലഷ്ണനോ പൊവുമ്പോ വിളിച്ച്‌ പറപ്പിക്കാം”. പായസം കുടിച്ചൊഴിഞ്ഞ എന്റെ മുന്നിലെ കിണ്ണമെടുത്തോണ്ട്‌ പോവുമ്പോ അച്ഛമ്മ അടുത്ത പായസത്തിന്റെ വഴി ഒരുക്കുകയായിരുന്നു.
“ഞാന്‍ കേറി പറിക്കാമച്ഛമ്മേ…, മിറ്റത്തെ കുറുക്കന്‍ മാങ്ങയെല്ലാം ഞാനല്ലെ പറിച്ചത്‌ ?” ഒരു മരപ്പറ്റുള്ള ആളാണ്‌ ഞാനെന്ന്‌ വാദിക്കാന്‍ നോക്കി.
“മാങ്ങേം അണ്ടിയും പറിക്കണ പോലെയല്ല ചക്ക പറിക്കണ്‌, കഴിഞ്ഞ കൊല്ലം അഞ്ചന്‍ രാജീവന്‍ ചക്ക പറിച്ചതോര്‍മ്മയുണ്ടല്ലോ ? ” അതോടെ എനിക്ക്‌ ഉത്തരം മുട്ടി.
കഴിഞ്ഞകൊല്ലം വല്ല്യ കാര്യത്തില്‌ ചക്ക പറിക്കാനെന്നും പറഞ്ഞ്‌ അഞ്ചന്‍ പിലാവിമ്മെ വലിഞ്ഞ്‌ കേറി.മുകളിലെത്തിയപ്പൊ പിലാവിന്റെ കൊമ്പ്‌ പിടക്കണതിന്‌ പകരം ചക്കയുടെ കൂഞ്ഞിന്‌ പിടിച്ചു.അഞ്ചനും കൂടെ പടലോടെ ചക്കളും താഴോട്ട്‌ വീണു.മുഖമടച്ചുള്ള വീഴ്ചയില്‍ മുന്‍ വരിയിലെ പല്ലുകളിലൊരെണ്ണം പാതി പൊട്ടി മറ്റൊന്ന്‌ ചെറുതായി തിരിഞ്ഞ്‌ നിന്നു.അതോടെ അഞ്ചന്‌ കൊന്ത്രപ്പല്ലായി.പിന്നെ നാട്ടിലൊക്കെ അഞ്ചന്‍ ചക്ക പറിച്ചപോലെ എന്ന ചൊല്ലുമുണ്ടായി.പിന്നെ നാട്ടിലെ പിള്ളാരൊക്കെ അഞ്ചനെ കാണുമ്പോ “കൊന്ത്രപ്പല്ലിമ്മെ പന്തല്‌ കെട്ടി…” എന്ന്‌ പാടാനും തുടങ്ങി.
മഴ പിന്നെയും കനത്തു.കിണറ്റിലെ വെള്ളം മുറ്റത്തിന്‌ സമമായി നിറഞ്ഞു വന്നു.ചേതിയുടെ അരികില്‍ മണ്ണിട്ട്‌ നട്ട്‌ വളര്‍ത്തിയ കളര്‍ച്ചെടികള്‍ ഒടിഞ്ഞു വീണു.വേരോടെ മണ്ണ്‌ കുത്തിയൊലിച്ച്‌ പോയി.പൂച്ചേട്ടിയിലെ പനനീരും ഓര്‍ക്കിഡും കോലായിലെ തിണ്ണമേല്‍ സ്ഥാനം പിടിച്ചു.അവ തൊടിയിലെ തുമ്പയേയും ചെമ്പരത്തിയേയും നോക്കി പൊമേറിയന്‍ പട്ടിയെ പോലെ ചിരിച്ചു.
മഴ തോരാത്തിനാം നീന്തല്‍ മുടങ്ങിക്കിടന്നു.അന്നേരം “ഈ മുടിഞ്ഞ മഴ..!” എന്ന്‌ അച്ഛമ്മ പറയുന്ന പോലെ പറയാന്‍ എന്തൊ തൊന്നിയില്ല.പകരം സ്ക്കൂള്‍ വിടുന്ന വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മഴ പെയ്യിക്കരുതെയെന്ന്‌ പറശ്ശിനിക്കടവ്‌ മുത്തപ്പനോട്‌ പറഞ്ഞു.പകരം രാത്രി പുലരുവോളം പെയ്യ്തൂടെയെന്ന്‌ മുത്തപ്പനോട്‌ വെറുതെ ചോദിച്ചു.മനമുരുകി പറഞ്ഞാല്‍ മുത്തപ്പന്‍ കേള്‍ക്കുമെന്ന്‌ അച്ഛമ്മ പലപ്പൊഴും പറയുന്നത്‌ കെട്ടിട്ടുണ്ട്‌.
പിന്നെയുള്ള ദിവസങ്ങളിലും മഴ നിന്നും പിന്നെ പെയ്തും കൊണ്ടിരുന്നു.വീട്ട്‌ മുറ്റത്തെ മുല്ലകള്‍ നിറയെ പൂത്തുലഞ്ഞു.കോലായിലും വീട്ട്‌ മുറ്റത്തും മുല്ലയുടെ സുഗന്ധം പരന്നു.മുല്ലപ്പൂ പറിക്കാനായി ചുറ്റുവട്ടത്തെ പെണ്‍കുട്ടികളെത്തി.സുന്ദരികളായ പെണ്‍കുട്ടികള്‍ “മുല്ലപ്പൂ പറിച്ചോട്ടെ ?” എന്ന്‌ ചോദിച്ചപ്പൊ “ങാ, താഴെ വീണത്‌ പെറുക്കിക്കൊ ” എന്ന്‌ ഒരു വല്യ മുല്ലപ്പുതോട്ടത്തിന്റെ ഉടമയെപ്പോലെ ഞാന്‍ ഉത്തരം കൊടുത്തു.പക്ഷെ വല്ലപ്പൊഴും വരാറുള്ള അടുത്ത വീട്ടിലെ പോലീസുകാരന്റെ മകളൊട്‌ അങ്ങിനെ പറയാന്‍ എനിക്ക്‌ തോന്നിയില്ല.ക്ലാസ്സിലെ സുന്ദരിയായ അവള്‍ വരുമ്പൊ മാങ്ങ പറിക്കാനെന്ന വ്യാജേന മാവിന്റെ മൂകളറ്റം വരെ കയറി അതില്‍ പന്തലിച്ച്‌ കിടക്കുന്ന മുല്ലയുടെ മൊട്ടുകള്‍ ഒന്നായി അവള്‍ക്ക്‌ പറിച്ച്‌ കൊടുക്കും.പകരം അവളെനിക്ക്‌ നുണക്കുഴികാട്ടി ഒരു പുഞ്ചിരി തരും.ഈ ദിവസങ്ങിളിലെല്ലാം മുടങ്ങാതെ അച്ഛമ്മ ചക്കപ്പായസം ഉണ്ടാക്കി തന്നു.അതിനിടെ ഒരു ദിവസം അത്‌ മുടങ്ങി.പതിവു പോലെ സ്കൂളും വിട്ട്‌ കുളിക്കാന്‍ പോയിട്ട്‌ തിരിച്ചുവരുമ്പോ അമ്മ വെളക്ക്‌ കത്തിച്ച്‌ വച്ച്‌ കോലായിലിരിക്കുന്നു.”വെളക്ക്‌ വെക്ക്ന്നേന്‌ മുന്നെ എത്തണൊന്ന്‌ എപ്പൊ യിന്നൊട്‌ പറയുന്നല്ലേ, കേക്കൂല്ലാ, നിന്റെ അച്ഛനിങ്ങോട്ട്‌ വരട്ടെ” അമ്മയുടെ പതിവ്‌ ശകാരത്തിന്‌ ചെവികൊടുക്കാതെ “അച്ഛമ്മേടുത്തു ?” എന്ന്‌ ചോദിക്കാനാണ്‌ തോന്നിയത്‌.
“അച്ഛമ്മയതാ പനിച്ച്‌ കിടക്കുന്ന്‌”
“അപ്പൊ ചക്കപ്പായസം ?”
“ഇന്നന്റെ വക” വെള്ളമിറ്റുവീഴുന്ന എന്റെ തല തൊര്‍ത്തി സ്നേഹത്തോടെ അമ്മ പറഞ്ഞു.
പതിവുപോലെ കിണ്ണത്തില്‍ നിറച്ചും അമ്മ പായസം മുന്നില്‍ കൊണ്ട്‌ വച്ച്‌ തന്നു.കുറച്ച്‌ കവില്‍ കുടിച്ചശേഷം എന്റെ മുഖഭാവം കണ്ടിട്ട്‌ അമ്മ ചോദിച്ചു “ന്താ, മധുരേല്യേ ? “
“എനിക്ക്‌ മതീ” ന്ന്‌ പറഞ്ഞ്‌ ഞാന്‍ പാത്രം മുന്നോട്ട്‌ തള്ളി.
“ന്നാ, രാവിലത്തെ പുട്ടും കടലേം തിന്നോ”
“എനിക്ക്‌ ബേണ്ടാ”
“ഓ, അച്ഛമ്മേന്റെ പായസല്ലേ അങ്ങോട്ട്‌ വായിക്കൂടെ താവൂ, ഞമ്മള്‌ വച്ച്യന്നും പിടിക്കില്ലാ, നിനക്ക്‌ ബേണ്ടെ ഞാന്‍ കുടിച്ചോളാം”
“ടാ, ഞ്ഞീ ഇങ്ങോട്ട്‌ ബന്നേ” വടക്കെയാത്ത്ന്ന്‌ അച്ചമ്മയുടേ വിളി”
അച്ഛമ്മയുടേ പായസത്തിന്റെ രുചി ഉണ്ടാക്കിയെടുക്കാന്‍ പറ്റാത്തതിനാലും വിശന്നിട്ട്‌ ഞാനൊന്നും കഴിക്കാത്തതിനാലും അമ്മയെന്തക്കെയോ പറയുന്നുണ്ടായിരുന്നു.
വടക്ക്യാത്ത്‌ പണ്ട്‌ പട്ടാളത്ത്ന്ന്‌ അച്ഛന്‍ കോണ്ട്‌ കൊടുത്ത കറുത്ത കമ്പിളിയും പുതച്ച്‌ പത്തായത്തിന്മേല്‍ അച്ഛമ്മ കിടക്കുന്നു.എന്റെ ഉയരമുള്ള പത്തായത്തിന്മേല്‌ ജനലഴിപിടിച്ച്‌ ഞാന്‍ വലിഞ്ഞ്‌ കയറി അച്ഛമ്മയുടെ അടുത്ത്‌ പറ്റിക്കിടന്നു.അച്ഛമ്മയുടേ മേല്‌ നല്ല ചൂടുണ്ടായിരുന്നു.
“യിന്നോട്‌ വെളക്ക്‌ വെക്കണേന്ന്‌ മുന്നെ വ്ടടങ്ങണോന്ന്‌ പറയെന്നല്ലെ ? , തലനല്ലോണം തോര്‍ത്തീറ്റുയില്ലാലപ്പാ” അതും പറഞ്ഞ്‌ അച്ഛമ്മ ഒരു തോര്‍ത്തെടുത്ത്‌ എന്റെ തല തോര്‍ത്തിക്കോണ്ടിരുന്നു.
“നല്ല ചൂടുണ്ടല്ലോ” അച്ഛമ്മേടെ നെറ്റി തൊട്ടോണ്ട്‌ ഞാന്‍ പറഞ്ഞു.
“ഇന്നലെ വൈയീറ്റ്‌ പടിഞ്ഞാറെപ്പുറത്ത്‌ വീണ ഒരോല എടുക്കാന്‍ പോയിനേനു, മഴേം ചാറണുണ്ടായിരുന്നു” പനി വന്നതിന്റെ കാരണം കണ്ടെത്താന്‍ നോക്കുകയായിരുന്നു അച്ഛമ്മ”
“യിങ്ങളെന്തിനാ പോയത്‌, ഞാനെടുത്തോണ്ട്‌ വരൂല്ലേനോ ?”
“അപ്പോ യിനിക്ക്‌ പനി വരൂല്ലേ ?, പനിയേതാല്ലും വന്ന്‌, എനിയിപ്പൊ പറഞ്ഞിട്ടെന്താ കാര്യം ?”
“അതൊക്കെ പോട്ടെ, ഞ്ഞീന്താ ചക്കപ്പായസം കുടിക്കായിന്‌ ?”
“അമ്മവച്ചേന്‌ ഒരു ടേസ്റ്റും ഇല്ലാ”
“ഓള്‌ ചെലപ്പൊ വെല്ലം ഇടാണ്ട്‌ പഞ്ചാരയിട്ട്‌ കാണും” അമ്മേടേ പായത്തിന്റെ രുചിവ്യത്യാസതിന്റെ കാരണം കണ്ടെത്താന്‍ നോക്കുകയായിരുന്നു അച്ഛമ്മ.“എനിക്കൊന്ന്‌ എണീക്കാന്‍ പറ്റ്വങ്കില്‌ ഞാനുണ്ടാക്കിയേനെ, വൈയീറ്റായപ്പൊ തലെയൊന്ന്‌ അനക്കാന്‍ പറ്റാത്ത വേദനയായിരുന്നു.അതും പറഞ്ഞ്‌ അച്ഛമ്മ ഇരിക്കാന്‍ നോക്കിണ്‍ജാന്‍ തലേണ ചുമലിനോട്‌ ചേര്‍ത്ത്‌ വച്ച്‌ കൊടുത്തു.അതിമ്മെ ചാരി അച്ഛമ്മയിരുന്നുണ്‍ജാനൊന്നും പറയാതെ അച്ഛമ്മയേയും നോക്കിയിരുന്നു.
വെളുത്ത വട്ട മുഖമായിരുന്നു അച്ഛമ്മക്ക്‌, വയസ്സേറെയായെങ്കിലും മുഖത്ത്‌ ചുളിവ്‌ കൂടുതലൊന്നും വീണിരുന്നില്ല.”ന്റെ സ്റ്റ്യില്‌ കണ്ടിട്ടാ നിന്റെ അച്ചാച്ചനെന്നെ എന്നെ പെണ്ണ്‌ കെട്ടിയത്‌” അച്ചാച്ചാന്‍ പണ്ട്‌ പെണ്ണ്‌ കാണാന്‍ വന്ന കാര്യമൊക്കെ പറയുമ്പോ അച്ഛമ്മ പറയും.“നിന്നെപ്പോലെ തന്നെയായിരുന്നു നിന്റെ അച്ചാച്ചനും , ചക്കപ്പായസോന്ന്‌ വച്ചാ ജീവനാ, ചക്കയുള്ളപ്പൊ പിള്ളാരെം പഠിപ്പിച്ച്‌ സ്ക്കൂള്‍ന്ന്‌ വരുമ്പോ വൈക്കിട്ടത്തെ ചായക്ക്‌ പകരം പായസേനു..!” എന്റെ ചക്കപ്പായസക്കൊതിയെപറ്റി വര്‍ണ്ണിച്ചു.
“അച്ഛമ്മെ, യിങ്ങള്‌ മരുന്നൊന്നും കുടിച്ചില്ലെ ? , ഞാ വേണെ ചന്തൂട്ടി വൈദ്യന്റെ കടേന്ന്‌ കഷായം വാങ്ങിക്കൊണ്ടേരാ “
“ന്നാ, ഞ്ഞ്യാ പെട്ടിതുറന്ന്‌ എന്റെ പേഴ്സ്സിങ്ങടുത്തെ”.
തലയിണക്കടിയീന്ന്‌ ഇരുമ്പിന്റെ ഒരു തക്കോല്‍ക്കൂട്ടം കയ്യി തന്ന്‌ അച്ഛമ്മ പറഞ്ഞു.ഞാന്‍ പത്തായത്തിന്ന്‌ ചാടിയിറങ്ങി, അച്ഛമ്മേടെ പണപ്പെട്ടി തുറന്ന്‌ പേഴ്സ്സെടുത്ത്‌ അച്ഛമ്മേടെ കയ്യി കൊടുത്തു.അതീന്ന്‌ രണ്ട്‌ രൂപയെടുത്ത്‌ എന്റെ കയ്യി തന്ന്‌ അച്ഛമ്മ പറഞ്ഞു.
“ഞ്ഞീ ചന്തൂട്ടീന്റെ പീട്യാ പ്പോയി എനിക്ക്‌ പനിക്ക്‌ കഷായം തരാമ്പറാ, ബെരുമ്പോ ഞ്ഞീ കുഞ്ചിരാമന്റെ കടേന്ന്‌ അയിമ്പസ്സെക്ക്‌ മണിക്കടലെം വാങ്ങിക്കൊ”. മണിക്കടലാന്ന്‌ കേട്ടപ്പോ എനിക്ക്‌ പോകാന്‍ തിടുക്കായി.കൂടെയുള്ള പിള്ളാര്‌ ഏറ്റവും ഇഷ്ടോള്ളതായി കൊഴിബിരിയാണിയും മറ്റും പറയുമ്പോ എന്റെ ഇഷ്ടങ്ങളുടെ പട്ടികയില്‍ ചക്കപ്പായസോം മണിക്കടലേം മേലെ നിന്നു.
അമ്മേടെ കയ്യിന്ന്‌ കഷായത്തിനുള്ള കുപ്പിയും വാങ്ങി ചന്തൂട്ട്യാട്ടന്റെ മരുന്ന്‌ കടേലേക്കോടി.മേറ്റ്‌ കയ്യില്‍ കാഞ്ഞിരത്തിന്റെ ഇലയും മുള്ളും വച്ചുണ്ടാക്കിയ ഫാനുമുണ്ടായിരുന്നു.അച്ഛമേടെ പനി മാറണെ മുത്തപ്പാന്ന്‌ ഉരുവിട്ട്കൊണ്ടിരിക്കുമ്പോഴും ചക്കപ്പായസത്തിന്റെ മധുരം വായില്‍ നിറഞ്ഞു നിന്നിരുന്നു.

07 November 2005

ഹൃദയത്തിന്റെ ഒരു ദിനം

ഇന്ന്‌ പുലര്‍ച്ചെപെയ്തൊഴിഞ്ഞ
വേനല്‍ മഴക്കൊടുവിലെപ്പോഴോ
ഒത്തിരി കഴുകന്മാര്‍ വന്നെന്റെ
ഹൃദയം പതിയെ കൊത്തിനുറുക്കി

ഇടുങ്ങിയക്കുടുക്കിലൂടൂര്‍ന്ന-
വേദനയുമിത്തിരി മോഹങ്ങളും
ഒന്നൊഴിയാതെ കൊത്തിയെടുത്തകന്ന
പക്ഷിയെനോക്കി പുഞ്ചിരിച്ചു ഞാന്‍

കന്നിമണ്ണിന്‍ ഗന്ധമുയര്‍ന്നവാനില്‍
കണ്ണീരുപൊഴിക്കാനറിയാതെ
കിനിയുമിലത്തുള്ളികളെ തട്ടി.
കരളിലെന്‍ വേദനയെപിടിച്ചു നിര്‍ത്തി

രക്തധമനിയിലൂടൊഴുകിയിറങ്ങും
രുധിരമെന്നെ ചുവപ്പിക്കവെ
തകര്‍ന്ന്‌ വീഴും ഹൃത്തിനോടടുക്കാതെ
തനിയെ ഞാനാമതിലിനരികെയിരുന്നു.

കഴുകന്റെ ചിറകടിപോലെന്‍
ഹൃത്തടം മിടിക്കവെ
ആരവങ്ങള്‍ക്കിടെയുയരും
പുരോഹിതമന്ത്രങ്ങളകന്നുവെന്നോ ?

തളരും ഹൃദയവുമിടറും
മനവുമറിയാതെ
ജ്വലിച്ചുയര്‍ന്ന സൂര്യന്‌ കീഴെ
വിശപ്പറിയാതെ ഞാനാ സദ്യയുണ്ടു.

ഇടയ്ക്കതികമായണയും വേദനയെ
കണ്ണിറുക്കി ചുണ്ടുകടിച്ചു
ഞാനെന്നിലേക്ക്‌ മാത്രമൊതുക്കി-
യാ തണലിലേക്കടുത്തു നിന്നു.

പലരും പലതും പ്രാകി
പിന്നിലിരുന്നു പല്ലുകാട്ടി
പതിയെ ഞാനറിഞ്ഞു പുച്ഛിക്കവെ
പുഞ്ചിരിച്ചന്ന്യനായ്‌ മാറി നിന്നു.

വ്യഥയുടെ ഭൂപാളരാഗം
എന്നിലുയര്‍ന്ന്‌ മുഴങ്ങവെ
ജനിച്ച തെറ്റിനെയോര്‍ത്തെ-
ന്നമ്മയെ തള്ളിയകറ്റി ഞാന്‍.

മുറിവേല്‍പ്പിച്ച കഴുകരെ
പിന്നെ ഞാനെങ്ങും കണ്ടതേയില്ല
ഞാനാവരെ തേടിയതുമില്ല-
വരോടെനിക്ക്‌ പകയുമില്ലിപ്പോഴും.

ആളുകളോരോന്നായ്‌ പടിയിറങ്ങുന്നു
കണ്ണീര്‍ക്കണമടരുന്നു ഒഴുകുന്നു
നോക്കാനാവാതെ ചിരിക്കാനറിയാതെ
ഞാനും പടിയിറങ്ങിനിന്നു.

പെയ്തിറങ്ങിയ മഴയുടെ നനവുകള്‍
സന്ധ്യയിലോരു കുളിരായെന്നെ
തഴുകി ചിരിച്ചുകൊണ്ടകലവെ
മൂകനായ്‌ ഞാനാ ഉമ്മറത്തിരുന്നു.

പോയ്മറയും കിളികള്‍തന്നാരവം
എന്നിലൊരേകാന്തത വീണ്ടും തീര്‍ക്കവെ
അവരോടൊത്തു മടങ്ങാന്‍
ചിറകുതളര്‍ന്നോരീ കിളിയും കൊതിച്ചു.

മെയ്‌ 1995