25 May 2006

അഞ്ചന്‍

കഴിഞ്ഞ തവണ സിംഗപ്പൂരില്‍ നിന്ന്‌ നാട്ടില്‍ പോയപ്പോഴാണ്‌ അഞ്ചനെ വീണ്ടും കാണുന്നത്‌.പതിവു പോലെ സന്ധ്യക്ക്‌ കാച്ചിപീടികയിലെ ബെഞ്ചിന്മേല്‍ മണിക്കടലയും കൊറിച്ചോണ്ട്‌ ഇരിക്കയായിരുന്നു.കൂടെ തൊട്ടടുത്ത വീട്ടിലെ കിട്ടാട്ടനും ഉണ്ടായിരുന്നുഠീരാറായ ദിനേശ്‌ ബീഡി ചുണ്ടില്‍ എരിയുന്നുന്നോടൊപ്പം ഇടക്കിടെ നല്ലോണം ചുമക്കുന്നുമുണ്ടായിന്നു കിട്ടാട്ടന്‍. "ക്ഷയം ആണോ കിട്ടാട്ടാ ?" സൈക്കിള്‍ റിപ്പേറിങ്ങില്‍ മുഴുകിയിരിക്കയായിരുന്ന കാച്ചി ആരൊടെന്നില്ലാതെ പറഞ്ഞു. "കരിനാക്ക്‌ കൊണ്ടൊന്നും പറയാതെന്റെ ബലാലെ". ചുമച്ചാണെങ്കിലും കിട്ടാട്ടന്‍ അത്രയും പറഞ്ഞൊപ്പിച്ചു.

"അല്ലാ, ഇതാര്‌ വി.കെ യോ ? " തിരിഞ്ഞ്‌ നോക്കിയപ്പോ അഞ്ചന്‍. വല്ല്യ മാറ്റമോക്കെ വന്നിരിക്കുന്നു.ഒരു ഫ്രെഞ്ച്‌ താടിയെ ഓര്‍മ്മിക്കുന്ന വിധം കീഴ്‌ താടിയില്‍ കുറച്ച്‌ താടി രോമങ്ങള്‍, ചിരിച്ചപ്പൊ പഴയ കൊന്ത്രപല്ലിന്റെ സ്ഥാനത്ത്‌ വെളുത്ത്‌ മിനുങ്ങണ പുത്തന്‍ വെപ്പ്‌ പല്ലുകള്‍.മൂടിയൊക്കെ പുറകോട്ട്‌ പറ്റിച്ച്‌ ഒരു ചെത്ത്‌ സ്റ്റയിലില്‍ ചീകി ഒതുക്കി വച്ചിരിക്കുന്നു.ആകെ ഒരു കുട്ടപ്പനായപോലെ തൊന്നിയെനിക്ക്‌.

"നീയെപ്പൊ ലാന്‍ഡ്‌ ചെയ്തത്‌ ?" ചോദ്യം എന്നോടാണെങ്കിലും കാച്ചിയെ നോക്കിയായിരുന്നു അവന്‍ ചോദിച്ചത്‌.
"എടാ കാച്ചി ഒരു സ്ട്രോങ്ങ്‌ നാരങ്ങ സോഡ" , "വി.കെ നിനക്ക്‌ ഒന്ന്‌ പറയട്ടെ ?"
എന്റെ ഉത്തരം കിട്ടുന്നതിന്‌ മുന്നെ അവന്‍ രണ്ട്‌ സോഡക്ക്‌ പറഞ്ഞിരുന്നു.
നാരങ്ങ സോഡ കുടിച്ചു കൊണ്ടിരിക്കെ അഞ്ചന്‍ ഒരോന്ന്‌ ചോദിച്ച്‌ കൊണ്ടിരുന്നു.
"നീയിപ്പൊ ഗള്‍ഫിലല്ലെ ?"
സിംഗപ്പൂരിലാണെന്ന്‌ പറഞ്ഞപ്പൊ ഉടനെ അടുത്ത ചോദ്യമായി.
"ഓ, അത്‌ നമ്മുടെ നടുക്കണ്ടി പ്രേമാട്ടന്റെ അച്ഛന്‍ പോയ സ്ഥലമല്ലെ ?" (ഇപ്പറയണ ആള്‍ കുറെ കാലം മലേഷ്യയില്‍ ആയിരുന്നു, പക്ഷെ നാട്ടില്‍ അറിയപ്പെട്ടിരുന്നത്‌ സിംഗപ്പൂര്‍കാരനെന്നാ.)
"എങ്ങിനെയാ സ്ഥലോക്കെ, നമ്മളെ കാര്യമൊക്കെ നടക്ക്വോ ?"
"ന്താ, വെള്ളമടിയാ ?"
"അതെല്ലാതെ പിന്നെന്ത്വാന്ന്‌ " അഞ്ചന്റെ വാക്കുകളില്‍ ഒരു ദൃഢത ഉണ്ടായിരുന്നു.
"ആ, ഇവിടത്തെ പോലെ കള്ളൊന്നും കിട്ടില്ല, ചുകന്നത്‌ കിട്ടും"
"ടാ, ആടെ, റോട്ടില്‌ തുപ്പിയാ ചന്തിക്ക്‌ ചൂരലോണ്ട്‌ കിട്ടൂന്ന്‌ പറയണ നേരാണോ ?"
"ഉം, കിട്ടും"
"ന്നാ, അതാ നിന്റെ ചന്തി വണ്ണം വച്ച പോലെ" അതും പറഞ്ഞ്‌ അവനൊരു ചിരിയായിരുന്നു.കാച്ചിയും കിട്ടാട്ടനും കൂടെ ചിരിയില്‍ പങ്ക്‌ ചേര്‍ന്നു.
"അതൊക്കെ പോട്ടെ നമ്മളെന്നാ കൂടണ്‌ ?"
"എപ്പൊ വേണമെങ്കിലുമാകാം"
"അപ്പോഴേക്കും സോഡാ തീര്‍ന്നിരുന്നു"
"വി.കെ പൈസാ ഞാന്‍ കൊടുക്ക്വാ കെട്ടൊ" അപ്പൊ അവന്‌ കാശുകാരന്‍ അനന്തന്‍ വൈദ്യരുടെ ഭാവമായിരുന്നു.
"ന്നാ ശരി പിന്നെ കാണാന്ന്‌ പറഞ്ഞ്‌ അവന്‍ ഇരുളില്‍ മറഞ്ഞു

"അഞ്ചനെങ്ങിനെയാ, ഇങ്ങോട്ടൊക്കെ വരുവ്വ്വാ ?". അഞ്ചനെ പറ്റി ചോദിച്ചപ്പൊ തടുത്ത്‌ നിര്‍ത്തിയ മലവെള്ളം കെട്ടഴിച്ച്‌ വിട്ടതുപോലെയായിരുന്നു വിവരണങ്ങള്‍.
"ബെരലുണ്ടോന്ന്വാ !, മട്ടക്കെ ബീഡി കമ്പനിയിലെ ഒരുത്തിയുമായി ലൈനാ, ബീഡി ചപ്പ്‌ വാങ്ങാനും തെരച്ച ബീഡി കൊടുക്കാനും വരുമ്പൊ, അവളെയും തെളിച്ച്‌ കൊണ്ട്‌ ബെരലാ ഇപ്പൊ പണി, സംശ്യണ്ടെങ്കില്‌ ഇഞ്ഞി കിട്ടാട്ടനോട്‌ ചോയിക്ക്‌." കാച്ചി കാര്യം സ്ഥിദീകരിക്കാന്‍ ഒരു ശ്രമം നടത്തി.
"പക്ഷെ ഓക്ക്‌ അങ്ങിനേന്നുല്ല്യാന്നാ തൊന്നണ്‌, വണ്‍ വേയാ..!. പക്ഷെ അഞ്ചന്‍ പറേന്ന്‌, ഓള്‌ കിസ്സ്‌ ബരെ കൊടുത്തൂന്ന്വാ, ബെറും ബടായ്യാന്ന്‌, അല്ലേലും വി.കെ ക്ക്‌ തോന്നുന്നുണ്ടാ അഞ്ചനാരെങ്കിലും കിസ്സ്‌ കൊടുക്കൂന്ന്‌ , ഇപ്പളത്തെ പെമ്പിളരാകുമ്പോ ഒന്നും പറയാം പറ്റൂല്ലാ, ഇരുപത്തൊന്നാം നൂറ്റാണ്ടല്ലെ അതും സംഭവിക്കാം !" ചോദ്യം ഉത്തരോം എല്ലാം പറഞ്ഞ്‌ കാച്ചി നിര്‍ത്തി.

അപ്പോഴേക്കും പവര്‍ക്കട്ടിനുള്ള സമയം ആയിരുന്നു, കാച്ചി കടയടക്കാനായി എല്ലമെടുത്ത്‌ വച്ച്‌ ഷട്ടര്‍ താഴ്ത്തിണാളെ കാണാംന്ന്‌ പറഞ്ഞു ഞാനും വീട്ടിലേക്ക്‌ നടന്നു

വീട്ടിലേക്ക്‌ വരുന്ന വഴി അഞ്ചനായിരുന്നു മനസ്സില്‍, പഴയ കളിക്കൂട്ടുകാരന്‍.അഞ്ചന്‍ രാജീവന്‍ എന്നയിരുന്നു പേര്‌.എന്നെക്കാളും രണ്ട്‌ വയസ്സിന്‌ മൂത്തതാണെങ്കിലും സ്ക്കൂളിലേക്ക്‌ പോകുന്നതും വരുന്നതുമൊക്കെ ഒന്നിച്ചായിരുന്നു.അക്കാലത്ത്‌ ഗോട്ടി കളിയില്‍ ഞങ്ങളെ വെല്ലാന്‍ നാട്ടിലാരുമുണ്ടായിരുന്നില്ല. മൂക്കിന്‌ താഴെ നേര്‍ത്ത രോമങ്ങല്‍ കിളുര്‍ത്തപ്പൊ, ഗോട്ടി കളി നിര്‍ത്തി.അത്‌ നമ്മുടെ സ്റ്റാറ്റസ്സിന്‌ ചേര്‍ന്നതല്ലെന്ന്‌ അഞ്ചന്‍ പറഞ്ഞു.പിന്നെ ഓല പന്ത്‌ കളി മാത്രമായി.

രണ്ട്‌ മാസത്തെ വേനലവധിക്കാണ്‌ അഞ്ചന്റെ ബിസിനസ്സ്‌ തുടങ്ങുക , പാര്‍ട്ട്നറായി ഈ ഞാനും.
'ചന്ത വെയ്ക്കല്‍' എന്നായിരുന്നു ഞങ്ങളതിനെ വിളിച്ചിരുന്നത്‌.സ്ക്കൂളടക്കുന്ന അന്ന്‌ തന്നെ അതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കയായി.

"ടാ, നമ്മക്ക്‌ നാളെ തന്നെ ചന്ത കേട്ടല്‌ തൊടങ്ങണം" അഞ്ചന്റെ വാക്കുകളില്‍ ഒരു ബിസ്സിനസ്സുകാരന്റെ മുഴക്കം ഞാന്‍ കേട്ടിരുന്നു.വീടിന്റെ മതിലിനോട്‌ ചേര്‍ന്ന്‌ കിഴക്കുഭാഗത്തായി നല്ല സ്ഥലമുണ്ടായിരുന്നു.റോഡ്‌ സൈഡായത്‌ കൊണ്ട്‌ നല്ല കച്ചോടോം കിട്ടൂന്നാ അഞ്ചന്റെ പക്ഷം.

ചന്ത കെട്ടല്‌ ഒന്ന്‌ രണ്ട്‌ ദിവസത്തെ പണിയാ.കുഴി കുഴിക്കാനായി മട്ടക്കെ കൊപ്പര കച്ചോടം നടത്തുന്ന ദാമൂട്ടന്റെ കയ്യിന്ന്‌ കമ്പിപ്പാര വാങ്ങണം.അങ്ങേര്‍ അഞ്ചന്‌ കൊടുക്കൂല്ലാ, കിഴക്കേലെ ചെക്കനായത്‌ കൊണ്ട്‌ എനിക്ക്‌ കിട്ടും.പിന്നെ തൂണായി കിഴങ്ങിന്റെ കൊള്ളികളായിരിക്കും.
"ടാ, വി.കെ നമ്മക്ക്‌ ഇന്ന്‌ തന്നെ തലക്കാണത്ത്‌ പോവ്വണം.വൈക്കിട്ട്‌ പോയാല്‍ മാഷ്‌ വാഴക്ക്‌ വെള്ളം കോരാ വന്നിട്ടുണ്ടാകും".
മൂത്തച്ഛനായത്‌ കൊണ്ട്‌ ഞാന്‍ പോയാല്‍ സാധനം കിട്ടുമെന്ന്‌ അഞ്ചന്‌ നന്നായറിയാം.
നിറയെ വാഴയും തെങ്ങും നെല്ലും കവുങ്ങും കിഴങ്ങിന്‍ കൊള്ളികളും മറ്റുമുള്ള ഈ തലക്കാണത്ത്‌ ഓണനാളിലാണ്‌ പിന്നെ പോകാറ്‌.അത്തം തുടങ്ങുമ്പൊ തന്നെ അച്ഛമ്മയോട്‌ പറഞ്ഞ്‌ പൂക്കൊട്ട ഉണ്ടാക്കി , അവിടേക്ക്‌ വരും.മിക്കവാറും അഞ്ചന്‍ തന്നെയായിരിക്കും കൂട്ടിന്‌ണെല്‍കണ്ടത്തിനരികെ നടപ്പാതക്ക്‌ ചുറ്റും നിറയെ തുമ്പപ്പൂവുണ്ടാകും.ഇടക്കിടവിട്ട്‌ വയലറ്റ്‌ നിറത്തിലുള്ള കോഴിപ്പൂക്കളും കാണുംണെല്‍ക്കണ്ടത്തിന്റെ അരികിലുള്ള തുമ്പ പറിക്കാന്‍ എളുപ്പാമാണ്‌.പക്ഷെ നെല്‍ വരി പറിക്കാനാണ്‍ പണി.ആദ്യം കണ്ടത്തിനെ ആള്‌ വരുന്നുണ്ടോന്ന്‌ നോക്കണം.പിന്നെ കണ്ടം നിറയെ ചെളിയുമായിരിക്കും.ചിലപ്പൊ വരി പറിച്ച്‌ നടൂല്‌ എത്തുമ്പോഴാകും "അഞ്ചന്റെ വിളി, "ടാ ആരോ വരുന്നുണ്ട്‌ മണങ്ങിക്ക്വോ" അപ്പൊ പിന്നെ ആടെ ഒറ്റ ഇരിപ്പാ.ശ്വാസം പിടിച്ച്‌ അതിലെ പോണ ആളുടെ നിഴല്‍ മറയുന്ന വരെ.പിന്നെ കാലിലെ ചെളി കളയാന്‍ വാഴക്ക്‌ വെള്ളം നനക്കാനായി കുഴിച്ച്‌ കുളത്തിലോട്ട്‌ പോകണം, എത്ര കഴുകിയാലും നെല്ലിന്റെ ചൊറിച്ചല്‍ തീരില്ല.

കിഴങ്ങിന്റെ കൊള്ളികളൊക്കെ തലേല്‌ വച്ച്‌ വീട്ടിലേക്ക്‌ വരുന്ന വഴി പല സമയങ്ങളിലും അഞ്ചന്‍ ഒരു തികഞ്ഞ മാര്‍കിസ്റ്റ്കാരനാകും, പിന്നെ സിന്താബാദ്‌ വിളികളാണ്‌.
"ഇങ്കിലാബ്‌ സിന്താബാദ്‌, കാറല്‍ മാക്ക്‌ സിന്താബാദ്‌, ചന്തവെക്കല്‌ സിന്താബാദ്‌ , കേങ്ങിന്‍ കൊള്ളി സിന്താബാദ്‌... "
അഞ്ചന്റെ വീട്ടിലുള്ളവരെല്ലാം മാര്‍കിസ്റ്റ്കാരയാത്‌ കൊണ്ട്‌ അവന്‍ തിരിഞ്ഞ്‌ മറിഞ്ഞ്‌ നൊക്കാതെ സിന്താബാദ്‌ വിളിക്കും.
പക്ഷെ തികഞ്ഞ ഒരു കോണ്‍ഗ്രസ്സ്കാരനായ അച്ഛന്റെ പേര്‌ കളയാതിരിക്കാന്‍ ചുറ്റും നോക്കി ,ആരും ഇല്ലെന്ന്‌ കണ്ടാല്‍ അഞ്ചനോടൊപ്പം ഞാനും വിളിക്കും.

അങ്ങിനെ കേങ്ങിന്റെ കോള്ളിയെടുത്ത്‌ സന്ധ്യവിളക്ക്‌ വെക്കണ മുന്നെ വീട്ടിലെത്തെണം.വിളക്ക്‌ വച്ച്‌ എത്തിയാല്‍ അച്ഛമ്മയുടെ കയ്യില്‍ നിന്ന്‌ നല്ലോണം ചീത്ത കിട്ടും.അച്ഛനറിഞ്ഞാല്‍ അടികിട്ടാനും മതി.
കൊള്ളിയൊക്കെ തലെല്‌ വച്ച്‌ വരുന്ന കാണുമ്പോ തന്നെ അച്ഛമ്മാ പറയാന്‍ തുടങ്ങും,"ഓ, ചന്തക്കാര്‌ എത്തിയല്ലോ !, എനിയങ്ങോട്ട്‌ രണ്ട്‌ മാസം ചെവിട്ടിന്‌ സ്വര്യം തരൂല്ലല്ലോ എന്റെ കാവിലമ്മെ !".
അച്ഛമ്മ എന്തെങ്കിലും പറഞ്ഞാ അന്നേരം തര്‍ക്കുത്തരമൊന്നും പറയാതിരിക്കയാ നല്ലതെന്നറിയാം, കാരണം അഞ്ചന്റെ ബിസിനസ്സ്‌ പാര്‍ട്ട്നര്‍ എന്ന പേരെയുള്ളു എനിക്ക്‌.പക്ഷെ ചന്ത നടത്താന്‍ കാശിന്‌ അച്ഛമ്മ തന്നെ ശരണം.അച്ഛമ്മയുടെ എണ്ണിചുട്ടപ്പ, പോലെയുള്ള പെന്‍ഷനില്‍ നിന്ന്‌ ഒരു തുക എല്ലാ കൊല്ലവും ഇതിനായി കിട്ടാറുണ്ട്‌.അച്ഛനോട്‌ ഈ കാരണം പറഞ്ഞ്‌ കാശ്‌ ചോദിച്ചാല്‍ കാര്യമില്ലെന്നറിയാം, അതുകൊണ്ട്‌ ആ വഴി പോകാറില്ല.
അഞ്ചന്‌ അവന്റെ അച്ഛന്റെ ബീഡി തെരച്ച കാശില്‍ നിന്ന്‌ ഒരു തുക കിട്ടും.ചന്ത വിറ്റ്‌ കാശ്‌ കിട്ടിയാല്‍ തിരിച്ച്‌ തരുമെന്ന വ്യവസ്ഥയില്‍.
അച്ഛമ്മയൊട്‌ മടഞ്ഞ ഓലയും വാങ്ങി, കേങ്ങിന്‍ കൊള്ളിയും വച്ച്‌ ഞങ്ങള്‍ ചന്ത കെട്ടും. അപ്പോഴേക്കും സഹായിക്കാന്‍ പിള്ളേരും എത്തും.പക്ഷെ അഞ്ചന്‍ ആരെയും അടുപ്പിക്കില്ല.

കൂത്തുപറമ്പില്‍ പോയി അണ്ണാച്ചി കടയില്‍ നിന്ന്‌ അഞ്ചന്‍ തന്നെ സാധാനങ്ങളൊക്കെ വാങ്ങും.ജീരക മുട്ടായി, വെല്ലമുട്ടായി, നാരങ്ങ മുട്ടായി,അരിമുറുക്ക്‌,തൊണ്ടക്കുഴല്‍,മണിക്കടല മുതലായവ വാങ്ങിക്കും.വല്ല്യ ഹോര്‍ലിക്സ്സിന്റെ കുപ്പിയിലാണ്‌ മുട്ടായികള്‍ ഇടുക, അഞ്ച്‌,പത്ത്‌,ഇരുപത്‌ പൈസ എന്നൊക്കെ എഴുതി കുപ്പിയുടെ പുറത്ത്‌ ഒട്ടിക്കും. ഉദ്ഘാടന ദിവസം ചന്ത മുഴുവന്‍ കൊന്നയും ചെമ്പരത്തിയും കൊണ്ട്‌ അലങ്കരിക്കും.ചെറിയൊരു കുപ്പിയില്‍ വിളക്ക്‌ കത്തിച്ച്‌ അഞ്ചന്‍ ചന്ത ഉദ്ഘാടനം ചെയ്യും

റോട്ടിലൂടെ പോകുന്ന ആളെ ആകര്‍ഷിക്കാന്‍ അഞ്ചന്‍ പല നമ്പറും ഉണ്ട്‌.പിള്ളാരെ മാത്രം കണ്ടാല്‍ അഞ്ചന്‍ നമ്പറൊന്ന്‌ മാറ്റും,
"മക്കളെ, മിടായി കിട്ടാന്‍ കാശ്‌ തന്നെ വേണോന്നില്ല്യാ, കശ്വാണ്ടി കോണ്ടോന്നാലും മതി !"
നാട്ടിലെ ഏതൊക്കെ കശുമാവിലാണ്‌ ആദ്യം അണ്ടിയുണ്ടാവുകയെന്നൊക്കെ അഞ്ചന്‌ നന്നായറിയാം.
ചന്തക്ക്‌ ചുറ്റും കൂടി നില്‍ക്കുന്ന പിള്ളാരെ നോക്കി അഞ്ചന്‍ പറയും "ടാ, മമ്മാലി ലീലേടെ വീട്ടിന്റെ സൈഡിലുള്ള തമ്പുരാന്‍ പറമ്പില്‍ ഇപ്പൊ പോയാ കുറെ അണ്ടി കിട്ടും,വേഗം പോയി പെറുക്കീട്ട്‌ വാ"
അഞ്ചന്‍ പറയുമ്പോ തന്നെ പിള്ളാര്‌ ഓട്ടം തുടങ്ങും.
"മക്കളെ തമ്പുരാന്‍ കാണാതെ പെറുക്കണേ..." ഓടുന്ന പിള്ളാരോടായി അഞ്ചന്‍ ഒച്ചത്തിന്‍ വിളിച്ച്‌ കൂവും.

പിള്ളാര്‌ ഓടി പോയി അഞ്ചും പത്തുമായി വരും, അഞ്ചനത്‌ ഉള്ളംകയ്യിലിട്ട്‌ ഒന്ന്‌ തൂക്കും എന്നിട്ട്‌ പറയും "ടാ, വി.കെ ഒരു ഇരുപത്‌ പൈസായുടെ നാരങ്ങ മുടായി കൊട്‌"
.പക്ഷെ ചില വിരുതന്മാര്‍ അഞ്ചനോട്‌ തര്‍ക്കിക്കാന്‍ വരും. "അല്ലപ്പാ, ഇത്‌ അമ്പത്‌ പൈസാന്റെയുണ്ടല്ലോ ?"
പക്ഷെ അവരെ ഇരുത്താനുള്ള സൂത്രമൊക്കെ അഞ്ചനറിയാം "ടാ മോനെ, ഇപ്പൊ ഇതിനൊന്നും പണ്ടത്തെപ്പോലെ വില കിട്ടനില്ലാ, ഇത്‌ തന്നെ എനിക്ക്‌ ചിലപ്പൊ നഷ്ടകച്ചോടം ആയിരിക്കും, പിന്നെ നീ ബാലാട്ടന്റെ മോനായത്‌ കൊണ്ട്‌ ഇരുപത്‌ പൈസ തര്‍ന്ന്‌." അച്ഛനേയും മകനേയും ഒന്നിച്ച്‌ പൊക്കി പറഞ്ഞപ്പോ അവന്‍ മിണ്ടാതെ കിട്ടിയ മുട്ടായി വാങ്ങി പോകും.

പിന്നെ കച്ചവടത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്‌ വിഷുവിന്‌ രണ്ട്‌ മൂന്നാഴ്ച മുന്നെയാണ്‌.അത്‌ വരെ മുട്ടായി വിറ്റ കാശുമായി അഞ്ചന്‍ കൊടുവള്ളിക്ക്‌ പോകും.കൂത്തുപറമ്പില്‍ പോയി പടക്കം വാങ്ങി വിറ്റാല്‍ ഞമ്മക്ക്‌ വല്ല്യ ലാഭൊന്നും കിട്ടില്ലന്നാ അഞ്ചന്റെ അഭിപ്രായം.കൊടുവള്ളീന്നാണെങ്കില്‌ ശിവകാശിന്ന്‌ നേരെ വരണ പടക്കങ്ങളായിരിക്കും , അപ്പൊ അത്‌ കമ്പനി വിലക്ക്‌ തന്നെ കിട്ടും.

"ആ അത്‌ ശരിയാ കുഞ്ഞിമാതേടത്തിടെ പുരുഷാട്ടനു ഇത്‌ തന്നെ പറയുന്നുണ്ടായിരുന്നു" അഞ്ചനെ പിന്താങ്ങി കൊണ്ട്‌ ഞാനും കൂടി പറഞ്ഞു.

കത്തുന്ന പടക്കങ്ങളൊന്നും കൂടുതല്‍ വാങ്ങില്ല, പൊട്ടുന്നതിലാണ്‌ കൂടുതല്‍ ലാഭം കിട്ടുക എന്നാണ്‌ അഞ്ചന്റെ പക്ഷം.മാലപടക്കം, പച്ചകെട്ട്‌,കുരുവി,ഗുണ്ട്‌ മുതലായവയാണ്‌ അഞ്ചന്റെ പ്രിയപ്പെട്ട ഇനങ്ങള്‍.

പടക്കങ്ങളൊക്കെ വാങ്ങി വന്നാല്‍ രണ്ട്‌ മൂന്ന്‌ ഒച്ച കൂടിയ ഇനങ്ങള്‍ കയ്യി തന്ന്‌ അഞ്ചന്‍ പറയും "നീ തന്നെ സാമ്പിള്‌ പൊട്ടിച്ച്‌ ഉദ്ഘാടനം നടത്ത്‌"
പിന്നെ പത്ത്‌ പൈസ വച്ച്‌ ബോര്‍ഡ്‌ കളി നടത്തും, വിജയിക്കുന്ന ആള്‍ക്ക്‌ അഞ്ചന്‍ ഒച്ച കൂടിയ ഗുണ്ട്‌ കൊടുക്കും,

പടക്കങ്ങള്‍ വാങ്ങി പോകുന്ന പിള്ളാരോട്‌ ചിലപ്പൊ അഞ്ചന്‍ പറയും "രണ്ട്‌ മൂന്നെണ്ണം എവിടെ വച്ച്‌ തന്നെ പൊട്ടിക്കടാ, വീട്ടിപ്പോയാലും ഇതേ ഒച്ച തന്നെയല്ലെ കേള്‍ക്കെണ്ടത്‌ ?" ഒന്ന്‌ രണ്ട്‌ ആലോചിച്ച്‌ പിള്ളാര്‌ അവിടെ നിന്ന്‌ തന്നെ പൊട്ടിക്കും.ചിലപ്പൊ പൊട്ടാതെ പോകുന്നതിന്‌ പകരം കമ്പനി വകയെന്ന്‌ പറഞ്ഞ്‌ കൊടുക്കും.ഒക്കെ അഞ്ചന്‌ തോന്നണം. ചിലപ്പൊ ഉച്ചക്ക്‌ ഊണും കഴിഞ്ഞ്‌ ഒരു നാരങ്ങ മുട്ടായിയെടുത്ത്‌ തിന്നും.ഒരെണ്ണം എനിക്കും തന്ന്‌ പറയും" ങാ, നീയും ഒന്നങ്ങോട്ടടി"

വിഷുവിന്‌ തലേന്നാകുന്നതോടെ കച്ചവടം മുറുകും.വായനശാലക്ക്‌ മുന്നിലെ കൊന്ന നിറയെ പൂത്തുലഞ്ഞിട്ടുണ്ടാകും.കൊന്നപ്പൂക്കള്‍ കൊമ്പോടെ അടര്‍ത്തിയെടുത്ത്‌ പടക്കം വാങ്ങുമ്പോ കിട്ടിയ എം.ജി.ആറിന്റേയും ജയന്റേയും ഫോട്ടോകള്‍ക്ക്‌ ചുറ്റും അലങ്കരിക്കും.
മിക്കവാറും പടക്കങ്ങളൊക്കെ വിഷുവിന്‌ തലേന്നാകുന്നതോടെ തീരും.

പിറ്റേന്ന്‌ വിഷുവിന്റെ ഊണും കഴിഞ്ഞ്‌ കിട്ടിയ ലാഭവുമെടുത്ത്‌ ഷെയിലാ ടാക്കീസില്‍ ജയന്റെ ഇടി പടം കാണാന്‍ പോകും. സാധാരണ തറയില്‍ ഇരുന്ന്‌ കാണുന്നതിന്‌ പകരം ബാല്‍ക്കണി ടിക്കറ്റ്‌ എടുക്കും.ചുമ്മാ ഒച്ചയൊക്കെയുടുത്ത്‌ അഞ്ചന്‍ ഞാന്‍ ബാല്‍ക്കണി സീറ്റിലാണെന്ന്‌ നാട്ടുകാരെ മുഴുവന്‍ അറിയിക്കും.കൂടെയിരിക്കുന്ന കാശുകാരോടൊക്കെ വല്യ ലോഹ്യത്തില്‍ സംസാരിക്കും.മുന്നില്‍ എഴുന്നേറ്റ്‌ നടക്കുന്നവരോട്‌ തെറി പറയും.

ഞാനാകട്ടെ പരിചയമുള്ള ആരെയെങ്കിലും കാണാതിരിക്കാന്‍ പാത്തും പതുങ്ങിയും ഇരിക്കും.പടം കഴിഞ്ഞ്‌ നേരെ ഞങ്ങള്‍ ബേബി കൂള്‍ബാറില്‍ പോയി രണ്ട്‌ ഫാലൂദ വാങ്ങി കഴിക്കും.പിന്നെ ഫുട്ബോള്‍ ഗ്രൌണ്ടിലൂടെ കറങ്ങി അതിനടുത്തുള്ള തട്ട്‌ കടയില്‍ പോയി പുട്ടും കല്ലുമ്മക്കായ പൊരിച്ചതും കൂടെ കോഴിക്കാലും അടിക്കുംഠിരിച്ച്‌ ബസ്സിലൊന്നും കയറാതെ ഒരു ഓട്ടോ പിടിച്ച്‌ വീട്ടിലോട്ട്‌ വരും.അങ്ങിനെ വിഷു കഴിയുന്നതോടെ ചന്ത വിറ്റ്‌ കിട്ടിയ കശൊക്കെ കാലിയാകും.

ഈ ചന്തവയ്ക്കലിങ്ങനെ വര്‍ഷങ്ങളോളം മുടങ്ങാതെ നടന്നു.ഒന്‍പതാം ക്ലാസ്സിലെത്തിയപ്പോഴാണ്‌ അതിനൊരു മുടക്കം വന്നത്‌.സ്ക്കൂളടച്ച്‌ പതിവു പോലെ ചന്തയൊക്കെകെട്ടി വിശ്രമിക്കയായിരുന്നു ഞങ്ങള്‌.

"അഞ്ചാ നമുക്ക്‌ ആട്ട കളിക്കാ ? " അവന്റെ ഉത്തരം കേള്‍ക്കുന്നതിന്‌ മുന്നെ ഞാന്‍ പോയി ഒല പന്ത്‌ എടുത്തു വന്നു.
"ഒ, എനിക്ക്‌ വയ്യടാ, നമുക്ക്‌ വേണെകില്‌ ഗോട്ടി കളിക്കാം"
"നീ ആട്ട കളിക്കനുണ്ടോ ഇല്ലയോ ?"
"ഞാനില്ല" അഞ്ചന്‍ താല്‍പ്പര്യമില്ലാതെ പറഞ്ഞു
"എന്നാ ഞാന്‍ ചന്ത വയ്ക്കാനുമില്ല"
"നീയില്ലെങ്കി, ഞാനൊറ്റക്ക്‌ നടത്തും" അഞ്ചനും വാശിയായി.
അപ്പൊ പിന്നെ എനിക്ക്‌ ഉത്തരം മുട്ടി, പക്ഷെ തോറ്റ്‌ കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല
"ന്നാ, കെട്ടിയ ചന്ത ഞാന്‍ പൊളിക്കും"
"എന്നാലതൊന്ന്‌ കാണാണല്ലോ ? "

വാശി കയറിയ ഞാന്‍ ചന്ത കെട്ടിയ തൂണും ഓലയുമെല്ലാം വലിച്ച്‌ പൊട്ടിച്ചു താഴെയിട്ടുഠടുക്കാന്‍ വന്ന അഞ്ചനുമായി ഉന്തും തള്ളുമായി.ഒച്ച കേട്ട്‌ അച്ഛമ്മയും അമ്മയും വന്നു.അപ്പോഴേക്കും രണ്ട്‌ മൂന്ന്‌ ദിവസം പാട്പെട്ട്‌ കെട്ടിയ ചന്ത ഒരു സൈഡിലേക്ക്‌ ചരിഞ്ഞ്‌ വീണിരുന്നു.മേലാസകലം മണ്ണ്‌ പുരണ്ടിരുന്ന ഞങ്ങളെ രണ്ട്‌ പേരയും അവര്‍ പിടിച്ച്‌ മാറ്റി.

"അഞ്ചാ , നീ വീട്ടി പോയാട്ടെ, ചന്തേം വേണ്ട ഒരു കുന്തോം വേണ്ട" അഞ്ചനോടായി അച്ഛമ്മ പറഞ്ഞു.അമ്മ ഓലയും കോള്ളിയുമൊക്കെ എടുത്ത്‌ പറമ്പിലിട്ടു.ഒഴിഞ്ഞ്‌ കിടക്കുന്ന ചന്തയുടെ സ്ഥലം കണ്ടപ്പോ എനിക്ക്‌ നേരിയ കുറ്റബോധം തോന്നി..

വിഷുവിന്റെ അന്ന്‌ വരെ അഞ്ചനോട്‌ മിണ്ടാതെ നിന്നു.വിഷുവായന്ന്‌ പടക്കങ്ങള്‍ പൊട്ടിക്കാന്‍ ഇളയച്ഛന്‍ വിളിച്ചുകൊണ്ടു വന്നുണ്‍ജങ്ങളൊരുമിച്ച്‌ പടക്കങ്ങളൊക്കെ പൊട്ടിച്ചു.അച്ഛന്റെ കയ്യിന്ന്‌ വിഷുകൈനീട്ടവും കിട്ടി.പതിവു പോലെ സിനിമ കാണാനും പോയി.

പിന്നെ ഒന്ന്‌ രണ്ട്‌ പുസ്തകങ്ങളൊക്കെ തോളത്ത്‌ ഇറുക്കി നടക്കുന്ന സമയം വന്നു, അഞ്ചനാകട്ടെ, പത്താം ക്ലാസ്സൊക്കെ തൊറ്റ്‌, പിന്നെയേതൊ പാരലല്‍ കോളേജില്‍ ചേര്‍ന്നു.കുറെ കഴിഞ്ഞ്‌ അതു മതിയാക്കി ബീഡി തുരുപ്പിന്‌ പോയി.അപ്പോഴേക്കും കൊടിപിടിക്കുന്ന ഒരു വിപ്ലകാരിയായിമാറിയിരുന്നു.ഒരു ചുകന്ന രാഷ്ട്രീയത്തിന്റെ
വാഹകനായി....

മാര്‍ച്ച്‌ 2001