03 October 2005

ബ്ലോഗ്‌ പിറക്കുന്നു

സിബൂനെ വിളിക്കുമ്പൊ എന്നും ചോദിക്കും 'എടാ നീയെന്താ ഒരു ബ്ലൊഗ്‌ തുടങ്ങാത്തത്‌ ? '
തിരക്കേറിയ ഈ ജീവിതയൊട്ടത്തില്‍ സമയം കിട്ടുന്നില്ലടാ എന്ന പതിവു പല്ലവിയിലോട്ടും പോയില്ല...
ഓണ വിശേഷങ്ങളൊക്കെ വച്ച്‌ ഓണത്തിനൊരു ബ്ലൊഗ്‌ തുടങ്ങാമെന്ന് വിചാരിച്ചു , അത്‌ പറ്റിയില്ല . ഇപ്പൊ ഗാന്ധി ജയന്തി ദിനത്തിലാകട്ടെ... അപ്പൊ തുടങ്ങാം അല്ലെ ?
ഓണത്തെ കുറിച്ച്‌ പറയുമ്പൊ എന്താ പറയുക ? 'ഓണം...മലയാളക്കരയുടെ മഹനീയ സങ്കല്‍പ്പം
അല്ലെലെല്ലാം മറന്ന് മാവേലി മന്നനെ എതിരേല്‍ക്കുന്ന കാലം. മലയാളക്കരയുടെ സുന്ദര സുമോഗന സ്വപ്നം... എല്ലാം ഇന്ന് ഇന്നലയുടെ ഇരുളില്‍ മറഞ്ഞ്‌ പോയിരിക്കുന്നു...' പണ്ടത്തെ തരംഗിണിയുടെ ഓണകാസ്സറ്റില്‍ കേട്ട്‌ മറന്ന ശകലങ്ങള്‍...
എല്ലാ വര്‍ഷവും ഓണമാകുമ്പൊ ആദ്യം ഓര്‍മ്മ വരുന്ന വാക്കുകളാണിവ... ഇന്നും ഇതിന്‌ പതിവ്‌ തെറ്റുന്നില്ല.
പൂവുള്ളതൊക്കെ പെറുക്കി മാളുവും ദീപ്തിയും പത്ത്‌ ദിവസവും പൂവിട്ടു... ഓലകൊണ്ട്‌ മെനെഞ്ഞ പൂക്കൊട്ടകളില്‍ തുമ്പയും പിന്നെ നല്ല വയലറ്റ്‌ നിറമുള്ള കോഴിപ്പൂവും കാടായാ കാടൊക്കെ കറങ്ങി ഓടി നടന്ന് പൂ പറിച്ചിരുന്ന ഒരു ബാല്യം മുന്നില്‍ തെളിയുന്നു.വയലറ്റും വെളളയുമായ ഈ നിറങ്ങള്‍ പൂക്കളത്തില്‍ എടുത്തു കാണിക്കുമെന്നാണ്‌ പൂക്കളമൊരുക്കുന്നതില്‍ ഗുരുവും വരകളുടെ രാജാവുമായ രഘുപാപ്പന്‍ പറയാറ്‌. ഓണത്തിനുള്ള പൂക്കള മല്‍സരങ്ങളില്‍ നമ്മുടെ മുഖ്യ എതിരാളി കണ്ടോത്തുള്ള മൂത്തച്ഛന്റെ കുടുംബമയിരുന്നു. മൂത്തച്ഛന്റെ മൂത്ത മകന്‍ മോഹനാട്ടന്‍ നന്നായി വരക്കുന്ന ആളായിരുന്നു.ക്രിസ്തുമസ്സിനൊക്കെ പുള്ളിക്കാരന്‍ വരച്ച പടങ്ങളായിരുന്നു ഗ്രീറ്റിംഗ്‌ കാര്‍ഡായി കിട്ടാറ്‌. പിന്നെ തലയില്‍ വരച്ചിട്ടുണ്ടെന്ന് പറയുമ്പോലെ ഒരു കഴിവും ഉണ്ടെന്ന് പറയാം. വായനശ്ശാലയില്‍ പാച്ചപ്പൊയ്ക ടൈംസ്സ്‌ എന്ന പേരില്‍ ഒരു വീക്കിലി പത്രം ഞങ്ങളെറക്കിയിരുന്നു. അതിലെ ന്യൂസ്‌ ഞാനും മോഹനാട്ടെന്റെ അനിയന്‍ രഞ്ചിയാട്ടനും കൂടിയായിരുന്നു കമ്പൊസ്സ്‌ ചെയ്യാറ്‌. പത്രത്തില്‍ മാന്‍ഡ്രേക്ക്‌ എന്ന കാര്‍ട്ടൂണ്‍ മോഹനാട്ടനയിരുന്നു വരച്ചിരുന്നത്‌. നാട്ട്‌ പ്രമാണിമാരുടെ ഉറക്കം കെടുത്തിയ ഒരു കാര്‍ട്ടൂണ്‍ പരമ്പര തന്നെയായിരുന്നു അത്‌... ഞായറാഴ്ച്ച രാവിലെയാണ്‌ പത്രം വായനശ്ശാലയില്‍ എത്തുന്നത്‌. ചില ആഴ്ചകളില്‍ ഒച്ചയാകുമ്പോഴേക്കും പത്രം അപ്രത്യക്ഷമാകും... മിക്കവാറും മോഹനാട്ടന്റെ കാര്‍ട്ടൂണാകും വിഷയം... ഒറ്റ കോപ്പിമാത്രമുള്ള പത്രം എവിറ്റേന്ന് നാട്ടുകാര്‌ ചോദിക്കുമ്പോ അത്‌ പ്രമാണിമാരുടെ വീട്ടില്‍ കാണും എന്ന് പറയാനെ പറ്റാറുള്ളു. കോപ്പികളിറക്കണമെന്ന് രഞ്ചിയാട്ടന്‍ പറഞ്ഞെങ്കിലും അതൊന്നു പിന്നെ നടന്നില്ല...
സത്യം പറഞ്ഞാല്‍ മോഹനാട്ടനും രഘുപ്പാപ്പനും വരക്കുന്ന ഡിസൈനിലാണ്‌ പൂക്കളതിന്റെ മര്‍മ്മമിരിക്കുന്നത്‌. രണ്ട്‌ വീട്ടുകാര്‍ക്കും ഒന്നും രണ്ടും സമ്മാനങ്ങള്‍ മാറി മാറി കിട്ടാറുണ്ട്‌.പാച്ചപ്പൊയ്ക വായനശ്ശാലയുടെ ആഭിമുഖ്യത്തിലായിരുന്നു മല്‍സരങ്ങള്‍ നടത്തിയിരുന്നത്‌. ഗ്ലാസ്‌ സെറ്റോ അല്ലെങ്കില്‍ പ്ലയിറ്റ്‌ സെറ്റോ ആയിരിക്കും മിക്കവാറും സമ്മാനം. സമ്മാനദാന പരിപാടികളില്‍ ഏെറ്റവും അവസാനത്തെ അയിറ്റമായിരിക്കും ഇത്‌. നാട്ടിലെ ആദരീയണീയനും ഓഫീസുദ്യോഗങ്ങളില്‍ തലപ്പത്തിരിക്കുന്ന ബി.ഡി.ഓ ഓഫീസര്‍ അനന്താട്ടനായിരിക്കും മിക്കവാറും സമ്മാനദാനം നടത്തുക.വള്ളി ട്രസറൊക്കെയിട്ട്‌ സമ്മാനം കൈ നീട്ടി വാങ്ങാന്‍ നമ്മളും. ഓണത്തിന്റെ പൂക്കള മല്‍സരത്തിന്‌ സമ്മാനം കിട്ടുക എന്നത്‌ ചില്ലറ കാര്യം ഒന്നുമായിരുന്നില്ല.മിക്കവാറും ഒരു ഇരുപതിനടുപ്പിച്ച്‌ ടീം ഉണ്ടാകും മല്‍സരിക്കാന്‍. മാവേലിയോടൊപ്പം പൂക്കളം കാണാന്‍ നമ്മളും പോകും. പൂക്കളം എല്ലാം കണ്ട്‌ വീട്ടില്‍ വന്ന്‌ വിലയിരുത്തും. 'ഇത്തവണ ഫശ്സ്റ്റ്‌ പ്രയിസ്സ്‌ കണ്ടോത്ത്‌ പോകുമെന്നാ തോന്നുന്നെ, നമ്മുടെ പൂക്കളത്തിന്‌ ഒരു എടുപ്പ്‌ പോരാന്ന് പിള്ളാര്‌ പറയെന്നെ'. പിന്നെ റിസല്‍ട്ടറിയുന്നത്‌ വരെ ടെന്‍ഷനാ.വര്‍ഷങ്ങള്‍ പെയ്തൊഞ്ഞപ്പോള്‍ എപ്പൊഴൊ പൂക്കള മല്‍സ്സരങ്ങളും നിന്നു. കര്‍ക്കിട മാസത്തെ ഒരു ത്രിസന്ധ്യക്ക്‌ പാനുണ്ട വായനശ്ശാലക്ക്‌ പൊകുന്ന വഴി മോഹനാട്ടനെ പാമ്പ്‌ കടിച്ചു.അത്‌ ഒരു മരണത്തിലേക്കുള്ള യാത്രയായിരുന്നു. മരണമെന്ന സത്യത്തെ അറിഞ്ഞു വരുന്ന കാലമായിരുന്നു. വിറങ്ങലിച്ച ശരീരത്തെ നോക്കി കരയാനാവാതെ ഞാനിരുന്നു. വരകളും നുറുങ്ങ്‌ സാഹിത്യവുമായി നടന്നിരുന്ന ഒരു നല്ല സഹചാരിയെ നഷ്ടമായി എന്നനെനിക്ക്‌ തോന്നി. നൊര്‍ത്ത്‌ മലബാര്‍ ഗ്രാമീണ ബാങ്കിലെ ജോലി കഴിഞ്ഞ്‌ വരുന്ന ഒഴിവ്‌ സായാഹ്നങ്ങള്‍ ചിലപ്പോഴൊക്കെ എനിക്ക്‌ കിട്ടാറുണ്ടായിരുന്നു. നഷ്ടവസന്തങ്ങളില്‍ ചിലത്‌ കൂടി...
ആ.. ഈ വര്‍ഷത്തെ ഓണം... നസ്രാണി കൂട്ടുകാരെയൊക്കെ വിളിച്ച്‌ ഓണസദ്യ കൊടുത്തു. നാടന്‍ സാമ്പാറും പച്ചടിയും തോരനും പപ്പടവും ഒക്കെയായി ഒരു ഓണ്‌. ഇതൊന്നും അങ്ങോട്ട്‌ താഴുനിലെന്ന് പറഞ്ഞ മത്തായിക്ക്‌ ഒരു ഡബിള്‍ ഓം ലറ്റ്‌ ഉണ്ടാക്കി കൊടുത്തു... അങ്ങിനെ അങ്ങേരും ഹാപ്പി

4 comments:

Sujith Menon said...

കൊള്ളാം, നന്നായിരിക്കുന്നു

Tinu said...

pappayute name kandu..ormakal marikkathirikkatte…

Tinu said...

nhanum ezhuthum…..athmakatha..

സിബു said...

റ്റെസ്റ്റിങ്ങ് .. റ്റെസ്റ്റിങ്ങ്..