21 October 2005

മെയ്‌ മാസത്തിലെ കണിക്കൊന്ന

ഞാന്‍ നട്ടുവളര്‍ത്തിയ
വീട്ടുമുറ്റത്തെ കണിക്കൊന്ന
ഇപ്പോഴും പൂത്തിട്ടില്ല
മൊട്ടിട്ടസ്വപ്നത്തിന്‍
വിടരാത്ത മനസ്സുപോലെ
ചെറുമഞ്ഞമൊട്ടുകള്‍
അങ്ങിങ്ങായ്‌ കാണവെ
ഇവിടെയീ മീനമാസത്തില്‍
ഉയരും ഉത്സവച്ചൂടില്‍
സ്വര്‍ണ്ണവര്‍ണ്ണത്തിന്നൊളിതൂകാതെ
എന്തെ നീയൊളിച്ചിരിക്കുന്നു ?
പുലര്‍ക്കാലെ കണ്ണന്‌ ചാരെ
ഒരുങ്ങുമീകണിക്കു മുന്നെ
പൂട്ടിയമിഴിയാലെ വന്നീടുമ്പോള്‍
പുഞ്ചിരിയാല്‍ പുതുലോകം കാട്ടാന്‍
നീയെന്തെയെന്മുന്നില്‍ പൂത്തില്ല ?

വിഷുവെട്ടം കഴിഞ്ഞ്‌-
മനസ്സിലൊരാമോദ കൊടിയിറക്കി
മുന്നോട്ടയുമ്പോയതെ
നീ സ്വര്‍ണ്ണവര്‍ണ്ണങ്ങളാല്‍ ചിരിക്കുന്നു
നിന്നെ പഴിച്ചു-
വിഷുവിന്‍ നാളില്‍
ഞാനൊതിയ വാക്കുകളുമെന്‍-
ശാപമുഖങ്ങള്‍ക്കുമുത്തര-
മീവൈകിയ നേരത്തെന്തെ
നീ ചിരിതൂകിയൊളിവിതറി-
യൊന്നായ്‌ പറഞ്ഞീടുന്നു.

നീയീതെറ്റിയ നേരത്ത്‌ വന്ന്‌
ഓര്‍മ്മകള്‍ വിതറി
സ്വര്‍ണ്ണവളകള്‍ കിലുക്കി
മുക്താനുരാഗത്താല്‍
നമ്മെ തളര്‍ത്തുന്നുവോ ?
നിന്‍ മൃദുപുഞ്ചിരിയില്‍
വൈരാഗ്യമുറഞ്ഞുവോ ?
മറിഞ്ഞു വീഴുംസഹചരര്‍
നിന്നില്‍ ഉഴിര്‍കൊണ്ടുവോ ?

പൂക്കാന്‍ മടിച്ചു-
നീയോതിയ പാഠങ്ങള്‍
വൈകിയുണരുമെന്‍
മോഹതപങ്ങള്‍ക്ക്‌ സാക്ഷി

മെയ്‌ - 1996

1 comment:

Anonymous said...

നന്നായിട്ടുണ്ട് കവിത!