30 September 2017

തിരിച്ചറിവുകള്‍


കഴിഞ്ഞ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു രാധകൃഷ്നേട്ടന്റെ വീട്ടിൽ സംസാരിച്ച്‌ കൊണ്ടിരിന്നപ്പോ ശ്യാമച്ചേച്ചി പറയുന്നുണ്ടായിരുന്നു, സതി പോയിട്ട് രണ്ടു മാസമായി. പെട്ടെന്ന് ദിവസങ്ങൾ കടന്നു പോകുന്നപോലെ. സതി ചേച്ചിയുടെ ബാല്യകാലവും കോളേജ് ജീവിതവും പിന്നെ കല്യാണം കഴിഞ്ഞു ഡിട്രോയിറ്റിൽ വന്നതൊക്കെ കുറെ നേരം സംസാരിച്ചു.

വളരെ സാധാരണ ജീവിതം നയിച്ച ചേച്ചി നമുക്കൊക്കെ മാതൃകയാക്കേണ്ട ഒരു വ്യക്ത്തിത്ത്വത്തിനു ഉടമയാണെന്നുള്ള തിരിച്ചറിവുകൾ നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. 

സോഷ്യൽ മീഡിയയുടെ ആസക്ത്തിയിലും മുറവിളിയിലും നൈമിഷികമായിക്കൊണ്ടിരിക്കുന്ന സൗഹ്ര്യതങ്ങളുടെ ബന്ധങ്ങളുടെ താഴ്മയിൽ ചേച്ചിയുടെ മൂല്യങ്ങളുടെ പ്രസക്തി ഒന്ന് വേറിട്ടതാണ്.

ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റ് നീ ലൈക്ക് ചെയ്തില്ല, അതുകൊണ്ടു നിന്റെ പോസ്റ്റിനു ഞാനൊരിക്കലും ലൈക്ക് ചെയ്യില്ല. കൊച്ചിന്റെ പിറന്നാളിനു വരാതിരുന്നതും മരണ വീട്ടിൽ കയറാതിരിക്കുന്നതും ഫേസ്ബുക്കും വാട്സാപ്പും കാരണമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയോട് ചേച്ചി അതിന്റ ദൂഷ്യ വശങ്ങളെ പറ്റി പലപ്പോഴായി പറഞ്ഞിരുന്നു. യുവതലമുറ സോഷ്യൽ മീഡിയയോട് എങ്ങിനെയുള്ള സമീപനമായിരിക്കണമെന്നു കുട്ടികളുടെ  സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത ചേച്ചിക്ക് നല്ല ധാരണ ഉണ്ടായിരുന്നു.

ലൈക്ക് കിട്ടാൻ എന്തും ചെയ്യാൻ തയ്യാറായിരിക്കുന്ന ഫേസ്ബുക്ക് ആന്റിമാർ ചേട്ടൻമാർ , ദിവസേന ഡ്രസ്സ് മാറുമ്പോലെ പ്രൊഫൈൽ പിക്ക്ചർ മാറ്റുന്ന നമ്മുടെ കൂട്ടുകാർ , പുതിയ സാരിയോ ചൂരിദാറോ വാങ്ങിയാൽ അപ്പൊ സെൽഫി എടുത്ത് പോസ്റ്റ് ചെയ്യുന്ന ആന്റിമാർ. നീ ഭയങ്കര സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് പറയുന്ന കൂട്ടുകാരികൾ. ഏതൊക്കെ ഒരു സെറ്റപ്പാണോ എന്ന് ശങ്കിച്ച് നിൽക്കുന്ന മറ്റു കൂട്ടുകാർ. ചേട്ടൻമാരും  മോശമല്ല, ഇന്നാളൊരു ചേട്ടൻ ഭാര്യടെ ഒരു കിടിലം പടം ഒരു സിനിമാ നടിയുടെ കൂടെ വച്ച് അടിതൊട്ട് മുടി വരെ താരതമ്യം ചെയ്ത് രണ്ടു പേരും ഒരു പോലെയാണെന്ന് നാട്ടുകാരെ ഫേസ്‍ബുക്ക് വഴി പറഞ്ഞു കൊടുക്കുന്നു. ഒരു കൂട്ടുക്കാരൻ പോസ്റ്റ് കാണിച്ച് തന്നപ്പോൾ ശരിക്കും സഹതാപമാണ് തോന്നിയത്.

പിന്നെ അപ്പ്‌ഡേറ്റിനു പഞ്ഞം വന്നാൽ പഴയ പോസ്റ്റുകൾ  പൊക്കി കൊണ്ടുവന്നു റീ പോസ്റ്റ് ചെയ്ത് ശ്രദ്ധ തന്നിലേക്കെത്താൻ വെറളി പിടിക്കുന്ന യുവതീയുവാക്കൾ , ട്രിപ്പിന് പോകുമ്പൊ വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന മുതലുള്ള സെൽഫി പരമ്പരകള്‍...ലക്ഷൃറി വണ്ടിയുടെ മുന്നിൽ, വല്ലപ്പോഴും കയറുന്ന ഫസ്റ് ക്‌ളാസ്സ് ഫ്‌ളൈറ്റിൽ, സ്റ്റാർ ഹോട്ടലിനു മുന്നിൽ, സ്വിമ്മിങ് പൂളിൽ... സെൽഫി പോസ്റ്റുകൾ അങ്ങിനെ ഫേസ്ബുക്ക് നിറക്കുന്നു...അതിനോടൊപ്പം ടാഗും. ബർത്ത്ഡേയും വെഡിങ്ങ്‌ ആനിവേസ്സറിയും ലോകത്തെ അറിയിക്കാൻ  ഭാര്യ ഭർത്താവിനെ ടാഗ് ചെയ്യുന്നു...ഭർത്താവ് ഭാര്യയെ ടാഗ് ചെയ്യുന്നു... ട്രിപ്പിന് കൂടെയില്ലെങ്കിലും തന്റെ 'പ്രിയ' സുഹൃത്തുകൾ തന്റെ ട്രിപ്പിന്റെ വർണശബളമായ പോസ്റ്റുകൾ വിട്ടു പോയാലോ എന്ന് ഭയന്ന് അവരെയും ടാഗ് ചെയ്യുന്നു...സുഹൃത്തിന്റെ പിറന്നാളിന് തന്റെ പോസ്റ്റിനായിരിക്കണം കൂടുതൽ ലൈക്ക് എന്ന ഉദ്ദേശത്തോടെ തലേ ദിവസം ഫോട്ടോസൊക്കെ തപ്പി കണ്ടു പിടിച്ച് കൊളാഷ് ഒക്കെ ആക്കി പിറ്റേന്ന് പുലർച്ചെ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് ആന്റിമാർ...ഇതു സൗഹൃതമാണോ അതോ ഫേസ്ബുക്ക് സെൽഫ് സാറ്റിസ്ഫാക്ഷനോ ? അതോ മാനസികമോ ?

യൂത്ത് സൈക്കോളജിയിൽ നല്ല അറിവുള്ള ചേച്ചിയോട് ഈ ഫേസ്ബുക്ക് ആഡിറ്റക്ഷനെ പറ്റി ചോദിച്ചപ്പോ ചേച്ചി പറഞ്ഞത് ഇപ്പഴും ഓർക്കുന്നു "രജീഷേ ഒരു കമ്മ്യൂണിക്കേഷനു വേണ്ടി സോഷ്യൽ മീഡിയേ നമ്മൾ ഉപയോഗിക്കയാണെങ്കിൽ അത് നല്ലതാണ്. പക്ഷെ പലപ്പോഴും വ്യക്തി വൈരാഗ്യത്തിനും വ്യക്തി നേട്ടങ്ങൾക്കുമായി മാറുമ്പോഴാണ് പ്രശ്നം" 
"ചേച്ചി, നമ്മൾ മലയാളികൾ ഒരു പെഗ്ഗ് അടിച്ചില്ലെങ്കിൽ കൈ വിറയൽ വരും എന്നൊരവസ്ഥ തന്നെയാണ് ഒരു ദിവസം ഫേസ്ബുക്കിലോ  വാട്ട്സ്ആപ്പിലോ ഇടക്കിടെ കയറി നോക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്തില്ലെങ്കിൽ .." ഞാൻ ചേച്ചിയെ അനുകൂലിച്ച് പറഞ്ഞു.

"പിന്നെ നമുക്ക് കുറച്ച് പ്രൈവസി ഒക്കെ വേണ്ടേ ? എല്ലാ കാര്യവും ഈ ബുക്കിലെഴുതുന്നത് അത്ര നല്ലതല്ല." ചേച്ചി പറഞ്ഞു.

വളരെ അടുത്ത കുറച്ച് പേരോടൊപ്പം ഒരു ഹിമാലയൻ യാത്ര ചേച്ചി നടത്തിയിരുന്നു. അതിന്റെ ഫോട്ടോകളൊന്നും സോഷ്യൽ മീഡിയയിൽ കണ്ടില്ല. സ്ഥതലങ്ങളൊക്കെ ഇങ്ങിനെയും കണ്ടാസ്വദിക്കാമെന്നു ചേച്ചി നമുക്ക് പറഞ്ഞു തരുന്ന പോലെ തോന്നി. എല്ലാറ്റിലും ഒരു സ്വകാര്യത അതു നമുക്ക് വേണ്ടേ?

വർഷങ്ങളായുള്ള സൗഹൃദങ്ങൾ സോഷ്യൽ സ്റ്റാറ്റസ്സിന്റെ പുകമറയിലും ബന്ധങ്ങളുടെ വിള്ളലിൽ തട്ടി മുഖം തിരിച്ച് നടന്നു നീങ്ങുമ്പോൾ ഇപ്പോഴും അടുത്ത് വന്നു കുട്ടികളെ പറ്റിയും കുടുംബങ്ങളെകുറിച്ചും ചേച്ചിയെ ഓർത്തു പോകുന്നു.
ഒരിക്കൽ മാളൂന്റെ ഡാൻസ് കണ്ടിട്ട് ചേച്ചി പറഞ്ഞതോർക്കുന്നു. "ടോ തന്റെ മോളുടെ ഡാൻസ് കാണാൻ നല്ല ഗ്രേസ് ആണ്. അവളുടെ ഡാൻസ് പഠിത്തം നിർത്തരുത്. ഇവിടെ ഹൈസ്‌കൂൾ ആകുമ്പോഴേക്കും മിക്കവരും ഇങ്ങിനെയുള്ള കലകളൊക്കെ നിർത്തും, അവളെ നീ പഠിപ്പിക്കണം"

തിരക്കേറിയ ജീവിതത്തിനിടയിലും കേരള ക്ലബ്ബ് പോലെയുള്ള സംഘടനകളിൽ വളരെ ഊർജ്ജസ്വലതയോടെ പങ്കെടുക്കാറുള്ള ചേച്ചി അവസാന നിമിഷം സ്റ്റേജിൽ കയറി കൈയടി വാങ്ങുന്നവരുടെ കൂട്ടത്തിലില്ലായിരുന്നു. ചേച്ചിയെപ്പോഴും സ്റ്റേജിനു പിന്നിൽ ജോലി ചെയ്യുന്നവരുടെ കൂട്ടത്തിലൊരാളായിരുന്നു.

വർഷങ്ങൾക്കു മുന്നേ ചേച്ചി നൽകിയ ഒരു ഓണ സന്ദേശം ഇപ്പോഴും ചെറുതായി ഓർക്കുന്നു. വളരെ നിർബന്ധിച്ചാണ് ചേച്ചിയാണ് പ്രസംഗിക്കാമെന്നു ഏറ്റത്. നമ്മുടെ കുട്ടികൾക്ക് ഓണത്തെ പറ്റിയും മാവേലിയെ പറ്റിയും പറഞ്ഞു കൊടുക്കുക. മാവേലിയുടെ ദാനശീലവും നന്മയും ബാല്യം മുതൽക്കേ സ്വായത്തമാക്കാൻ പരിശ്രമിക്കുക. വളരെ ചുരുക്കി ഓണത്തിന്റെ തന്റെ സന്ദേശം പറഞ്ഞു നിർത്തുമ്പോൾ, സ്റ്റേജിലൊന്നു കയറാൻ എന്ത് കളിയും കളിക്കുന്ന അല്ലെങ്കിൽ മൈക്ക് ഒന്ന് കിട്ടിയാൽ പ്രസംഗം നിർത്താതെ സദസ്സിനെ ബോറടിപ്പിയ്ക്കുന്ന നമ്മുടെ ചില മലയാളികൾക്കുള്ള താക്കീതു പോലെ തോന്നി. 

ചേച്ചി നമ്മെയൊക്കെ വിട്ടുപോയിട്ട് രണ്ടു മാസം കഴിഞ്ഞു. ഡോക്ടറായി രോഗികളെ ശുശ്രൂഷിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയോടെ കമ്മ്യൂണിറ്റി കാര്യങ്ങളിൽ ഊർജ്വസ്വലതയോടെ പ്രവർത്തിച്ചപ്പോഴും പിന്നെ എപ്പോഴും  ഉള്ള ആ ചെറു പുഞ്ചിരിയും ചേച്ചിയെ പരിചയമുള്ളവരൊക്കെ നനുത്ത ഓർമ്മകളായി സൂക്ഷിക്കുന്നു . സോഷ്യൽ മീഡിയയുടെ ആസക്തിയിൽ ദിവസ്സങ്ങൾ തള്ളിനീക്കാതെയും ആവശ്യമില്ലാത്ത ഈഗോയുടെ മറവിൽ സൗഹൃദങ്ങൾ മുറിക്കപ്പെടാതെയും നമ്മൾ മറുനാടൻ മലയാളി സുഹൃത്തുക്കൾ നല്ലൊരു ജീവിതം നയിക്കാമെന്നുള്ള ഒരു തിരിച്ചറിവ് ചേച്ചി തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ച് തന്നിരിക്കുന്നു. ഈ തിരിച്ചറിവുകൾ ചേച്ചിയുടെ ഓണ സന്ദേശമായി നമുക്ക് ഏറ്റെടുക്കാം പ്രവർത്തിക്കാം. 

രജീഷ് വെങ്കിലാട്ട് 

rajeesh@gmail.com

No comments: