07 November 2005

ഹൃദയത്തിന്റെ ഒരു ദിനം

ഇന്ന്‌ പുലര്‍ച്ചെപെയ്തൊഴിഞ്ഞ
വേനല്‍ മഴക്കൊടുവിലെപ്പോഴോ
ഒത്തിരി കഴുകന്മാര്‍ വന്നെന്റെ
ഹൃദയം പതിയെ കൊത്തിനുറുക്കി

ഇടുങ്ങിയക്കുടുക്കിലൂടൂര്‍ന്ന-
വേദനയുമിത്തിരി മോഹങ്ങളും
ഒന്നൊഴിയാതെ കൊത്തിയെടുത്തകന്ന
പക്ഷിയെനോക്കി പുഞ്ചിരിച്ചു ഞാന്‍

കന്നിമണ്ണിന്‍ ഗന്ധമുയര്‍ന്നവാനില്‍
കണ്ണീരുപൊഴിക്കാനറിയാതെ
കിനിയുമിലത്തുള്ളികളെ തട്ടി.
കരളിലെന്‍ വേദനയെപിടിച്ചു നിര്‍ത്തി

രക്തധമനിയിലൂടൊഴുകിയിറങ്ങും
രുധിരമെന്നെ ചുവപ്പിക്കവെ
തകര്‍ന്ന്‌ വീഴും ഹൃത്തിനോടടുക്കാതെ
തനിയെ ഞാനാമതിലിനരികെയിരുന്നു.

കഴുകന്റെ ചിറകടിപോലെന്‍
ഹൃത്തടം മിടിക്കവെ
ആരവങ്ങള്‍ക്കിടെയുയരും
പുരോഹിതമന്ത്രങ്ങളകന്നുവെന്നോ ?

തളരും ഹൃദയവുമിടറും
മനവുമറിയാതെ
ജ്വലിച്ചുയര്‍ന്ന സൂര്യന്‌ കീഴെ
വിശപ്പറിയാതെ ഞാനാ സദ്യയുണ്ടു.

ഇടയ്ക്കതികമായണയും വേദനയെ
കണ്ണിറുക്കി ചുണ്ടുകടിച്ചു
ഞാനെന്നിലേക്ക്‌ മാത്രമൊതുക്കി-
യാ തണലിലേക്കടുത്തു നിന്നു.

പലരും പലതും പ്രാകി
പിന്നിലിരുന്നു പല്ലുകാട്ടി
പതിയെ ഞാനറിഞ്ഞു പുച്ഛിക്കവെ
പുഞ്ചിരിച്ചന്ന്യനായ്‌ മാറി നിന്നു.

വ്യഥയുടെ ഭൂപാളരാഗം
എന്നിലുയര്‍ന്ന്‌ മുഴങ്ങവെ
ജനിച്ച തെറ്റിനെയോര്‍ത്തെ-
ന്നമ്മയെ തള്ളിയകറ്റി ഞാന്‍.

മുറിവേല്‍പ്പിച്ച കഴുകരെ
പിന്നെ ഞാനെങ്ങും കണ്ടതേയില്ല
ഞാനാവരെ തേടിയതുമില്ല-
വരോടെനിക്ക്‌ പകയുമില്ലിപ്പോഴും.

ആളുകളോരോന്നായ്‌ പടിയിറങ്ങുന്നു
കണ്ണീര്‍ക്കണമടരുന്നു ഒഴുകുന്നു
നോക്കാനാവാതെ ചിരിക്കാനറിയാതെ
ഞാനും പടിയിറങ്ങിനിന്നു.

പെയ്തിറങ്ങിയ മഴയുടെ നനവുകള്‍
സന്ധ്യയിലോരു കുളിരായെന്നെ
തഴുകി ചിരിച്ചുകൊണ്ടകലവെ
മൂകനായ്‌ ഞാനാ ഉമ്മറത്തിരുന്നു.

പോയ്മറയും കിളികള്‍തന്നാരവം
എന്നിലൊരേകാന്തത വീണ്ടും തീര്‍ക്കവെ
അവരോടൊത്തു മടങ്ങാന്‍
ചിറകുതളര്‍ന്നോരീ കിളിയും കൊതിച്ചു.

മെയ്‌ 1995

1 comment:

Anonymous said...

നല്ല വരികൾ…
നന്നായിട്ടുണ്ട് !!!